500,1000: നാല് ലക്ഷം രൂപ നോട്ടുകളെ കൊഞ്ഞനം കുത്തി സത്തായി യാത്രയായി; നിരോധനങ്ങള്‍ അങ്കലാപ്പിലാക്കാത്ത ലോകത്തേയ്ക്ക്
ഒടുവില്‍ സത്തായി യാത്രയായി, നിരോധനങ്ങളൊന്നുമില്ലാത്ത സ്വസ്തമായ ഇടത്തേക്ക്. നാല് ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ കൈവശം വെച്ചതിലൂടെ വാര്‍ത്തയിലിടം നേടിയ വരാപ്പുഴ ചിറയ്ക്കകം ഭഗവതി പറമ്പില്‍ സത്തായിയെന്നു വിളിക്കുന്ന സതിബായ് (82) വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മരിച്ചത്.
പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിച്ച സത്തായി നോട്ട് നിരോധിച്ച കാര്യവും അറിഞ്ഞിരുന്നില്ല. വരാപ്പുഴ മാര്‍ക്കറ്റിലെത്തി സാധനങ്ങള്‍ വാങ്ങുന്നതിനായി ആയിരത്തിന്റെ നോട്ട് നല്‍കിയപ്പോളാണ് നോട്ട് നിരോധിച്ച കാര്യം ഇവര്‍ അറിയുന്നത് തന്നെ.
പിന്നീട് പഞ്ചായത്ത് അധികൃതരും പോലീസുമെത്തി സത്തായിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വീട്ടിലെ സ്റ്റീല്‍ അലമാരയില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപയുടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കണ്ടെത്തിയത്.
നോട്ട് മാറിയെടുക്കുന്നതിനുള്ള സമയം കഴിഞ്ഞതിനാല്‍ നോട്ടുകള്‍ മാറിക്കിട്ടിയുമില്ല. മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ചൈന്നെയില്‍ പോയി നോട്ട് മാറുന്നതിനായുള്ള ശ്രമം നടത്തിയെങ്കിലും അതും വിജയം കണ്ടിരുന്നില്ല. ഒടുവില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് സത്തായി വിടപറഞ്ഞത്.
ആരും സംരക്ഷിക്കാനില്ലാത്തതിനെ തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്പാണ് അവശനിലയിലായ സത്തായിയെ പഞ്ചായത്ത് അധികൃതരെത്തി വരാപ്പുഴയിലെ സ്‌നേഹ ഭവനിലേക്ക് മാറ്റിയിരുന്നു. തുടര്‍ ചികിത്സയ്ക്കായി ഒരാഴ്ച മുമ്പാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് വിരമിച്ച ശേഷം ചിറയ്ക്കകത്തെ വീട്ടില്‍ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവും മകളും മരിച്ചതോടെയാണ് സത്തായിയുടെ ജീവിതം മാറിമറിഞ്ഞു. ഇതോടെ പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാതായി. സത്തായി അയല്‍വാസികളോടും ഒരുതരത്തിലും അടുപ്പം കാണിച്ചിരുന്നില്ല.
വൈദ്യുതിപോലും വിച്ഛേദിക്കപ്പെട്ട വീട്ടിലാണ് കഴിഞ്ഞിരുന്നത്. വല്ലപ്പോഴും മാത്രമാണ് വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങിയിരുന്നത്. വരാപ്പുഴ മാര്‍ക്കറ്റിലെത്തി ഭക്ഷണത്തിനായിട്ടുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതായിരുന്നു ആകെയുള്ള പുറം ലോകവുമായുള്ള ബന്ധം.
നിരോധിച്ച നോട്ടുകള്‍ക്ക് പുറമെ പത്ത് ലക്ഷം രൂപയിലേറെയുള്ള നിക്ഷേപവും വിവിധ ബാങ്കുകളിലായി സത്തായിയുടെ പേരിലുണ്ട്. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് നടക്കും.