പി.വി. അന്‍വറിന്റെ അനധികൃത ചെക്ക് ഡാം പൊളിച്ചു നീക്കണമെന്ന് ജില്ലാ കളക്ടര്‍
കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ കക്കാടം പൊയിലില്‍ അനധികൃതമായി നിര്‍മിച്ച ചെക്ക് ഡാം പൊളിക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അനധികൃതമായി നിര്‍മിച്ച ചെക്ക് ഡാം പൊളിക്കാന്‍ ഇറിഗേഷന്‍ വിഭാഗത്തിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എട്ടുമാസം മുമ്പ് കളക്ടര്‍ നല്‍കിയ ഉത്തരവ് മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് വൈകിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണയുടെ അടിയന്തര നടപടിയുണ്ടായത്.
ഡാം പൊളിക്കാന്‍ മുന്‍ ജില്ലാ കളക്ടര്‍ ടി. ഭാസ്‌കരന്‍ ആണ് ആദ്യം ഉത്തരവിട്ടത്. ഡാം പൊളിക്കാനുള്ള സാങ്കേതിക ശേഷിയില്ലെന്ന കാരണം പറഞ്ഞ് പി. ഡബ്ല്യൂ. ഡി അധികൃതര്‍ തടിയൂരി. എന്നാല്‍ ഡാം പൊളിക്കാനുള്ള ചുമതല ഇറിഗേഷന്‍ ഡിപ്പാര്‍മെന്റിനെ ഏല്‍പ്പിച്ച് നിലപാട് കടുപ്പിച്ചിരിക്കുകയാണ് കളക്ടറിപ്പോള്‍. പി.വി. അന്‍വര്‍ അനധികൃതമായി നിര്‍മിച്ച അമ്യൂസ്മെന്റ് പാര്‍ക്ക് വിവാദമായതിനിടെയാണ് കളക്ടറുടെ ഉത്തരവ് പുറത്ത് വരുന്നത്.
നിയമ സഭയില്‍ പി.വി. അന്‍വറിനനുകൂലമായി നിലപാടെടുത്ത മുഖ്യ മന്ത്രിയുടെ വാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് മലപ്പുറം ജില്ലാ കളക്ടറുടെ നടപടി.