ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിലേക്ക് വിദ്യാര്‍ഥികളുടെ മിഷന്‍ ഇലവന്‍ മില്യണ്‍

കൊച്ചി: ഫിഫാ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിലേക്ക് കൊച്ചിയിലെ വിദ്യാര്‍ഥി സമൂഹം ഉണരുന്നു. ലോകകപ്പിന് മുന്നോടിയായി വിദ്യാര്‍ഥികളില്‍ ഫുട്ബോള്‍ ആവേശം വര്‍ധിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന മിഷന്‍ ഇലവന്‍ മില്യണ്‍ പരിപാടിക്ക് എറണാകുളം കിഴക്കമ്പലത്ത് തുടക്കം. കിഴക്കമ്പലം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ 1200 ഓളം വിദ്യാര്‍ഥികളാണ് ശനിയാഴ്ച കൊച്ചിയിലെ ആദ്യ മിഷന്‍ ഇലവന്‍ മില്യണിന്റെ ഭാഗമാകാന്‍ കൈകോര്‍ത്തത്.

സ്‌ക്കൂള്‍ മൈതാനത്ത് കുട്ടി ഫുട്ബോള്‍ താരങ്ങളുടെ സ്‌ക്കില്‍ പെര്‍ഫോമന്‍സ്, നാസിക്ഡോല്‍ മ്യൂസിക്, അതിഥികളുടെ പെനാല്‍ട്ടി ഷൂട്ടൗട്ട്, ഇന്ത്യയുടെ ഭൂപടം തീര്‍ക്കല്‍ തുടങ്ങിയ പരിപാടികള്‍ അരങ്ങേറി. മിഷന്‍ ഇലവന്‍ മില്യണ്‍ ബാനറും ഉയര്‍ത്തി. സ്‌ക്കൂള്‍ മാനേജര്‍ ഫാ.അലക്സ് കാട്ടേഴത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.

ഐഎസ്എല്‍ ഫുട്ബോള്‍ കമന്റേറ്ററും ഫിഫാ ലോകകപ്പ് കൊച്ചി മീഡിയ ഓഫീസറുമായ ഷൈജു ദാമോദരന്‍ അണ്ടര്‍-17 ലോകകപ്പിനെക്കുറിച്ച് വിവരണം നല്‍കി. കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജേക്കബ്ബ്, വൈസ് പ്രസിഡന്റ് ജിന്‍സി അജി, മിഷന്‍ ഇലവന്‍ മില്യണ്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഷിനു എം.പി, സ്‌ക്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ഗ്രേസി, കായികാധ്യാപകരായ റോയി ജോസഫ്, സോയി കളമ്പാട്ട്, പിടിഎ പ്രസിഡന്റ് സി.ഡി.ജോസ്, നാഷണല്‍ റഫറിയും ഫുട്ബോള്‍ കോച്ചുമായ ഷൈജന്‍ കുര്യാക്കോസ്, കല ഫൈനാര്‍ട്സ് സൊസൈറ്റി പ്രസിഡന്റ് ഫ്രാന്‍സിസ് ആന്റണി, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജിബി വയലില്‍, പഞ്ചായത്തംഗം പി.ജി.ദീപ, ഫിഫാ ലോകകപ്പ് കൊച്ചി വൊളണ്ടിയര്‍ ഓഫീസര്‍ അയിഷ നാസിയ, ഐടി ഓഫീസര്‍ അലി ജാസിം, മാര്‍ക്കറ്റിംഗ് ഓഫീസര്‍ മന്‍ഷാദ് വീട്ടില്‍, നിസാര്‍ ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു.