ഇന്ത്യന്‍ ജയിലില്‍ ജനിച്ചു വളര്‍ന്ന പത്തു വയസുകാരി പാക് പെണ്‍കുട്ടി ഹിന തിരിച്ചു പോകാനൊരുങ്ങുന്നു
ന്യൂഡല്‍ഹി: ജനിച്ചതും, വളര്‍ന്നതും ഇന്ത്യന്‍ ജയിലിലാണ്, പിന്നെ നീണ്ട പത്ത് വര്‍ഷം അമൃത് സറിലെ ജയിലായിരുന്നു ഇവളുടെ ലോകം, കൂട്ടുകാരായുള്ളത് തടവ് പുള്ളികള്‍. എന്തിനാണ് കുഞ്ഞു പ്രായത്തില്‍ ജയിലില്‍ കഴിയുന്നതെന്ന് ചോദിച്ചാല്‍ ഇവള്‍ക്ക് പറയാനുള്ളത് ഇങ്ങനെയാണ്. എന്റെ ‘അമ്മ എന്നെ പെറ്റിട്ടത് ജയിലിനുള്ളിലാണ്. കുഞ്ഞു കണ്ണുകള്‍ ചിമ്മി തുറന്നപ്പോള്‍ കാണുന്നത് ജയിലഴികളും, പോലീസുകാരും, കുറ്റവാളികളുമുള്ള ജയിലാണ്. പുറം ലോകം കണ്ടു കൗതുകാമൂറാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇപ്പറഞ്ഞതെല്ലാം ഒരു സിനിമ കഥയല്ല. ഹിന എന്ന പാക് പെണ്‍ക്കുട്ടിയെക്കുറിച്ചാണ്. ഹിനയെ ‘അമ്മ പ്രസവിച്ചത് ഇന്ത്യയിലെ, അമൃത് സറിലെ ജയിലിനുള്ളിലാണ്. അമ്മ തടവ് പുള്ളിയായതുകൊണ്ടു തന്നെ പത്ത് വയസ് ആകുന്നതു വരെ ജയിലില്‍ത്തന്നെയാണ് ഹിനയും വളര്‍ന്നത്. പത്തു വര്‍ഷമായി യാതൊരു തെറ്റും ചെയ്യാതെ ജയിലില്‍ കഴിഞ്ഞ ഹിനക്ക് പാകിസ്ഥാനിലേക്ക് തിരിച്ചു പോകാനുള്ള വഴി തുറന്നിരിക്കുകയാണിപ്പോള്‍. പെണ്‍കുട്ടിയുടെ പൗരത്വം സംബന്ധിച്ച തര്‍ക്കങ്ങള്‍ പാക് ഹൈക്കമ്മിഷന്‍ പൂര്‍ത്തീരിച്ചതോടെ പെണ്‍കുട്ടിക്കും കൂടെയുള്ളവര്‍ക്കും ഉടനെ ഇന്ത്യന്‍ ജയില്‍ വിടാനാകുമെന്നാണ് പ്രതീക്ഷ.
അമൃത്സറിലെ അതിര്‍ത്തി പ്രദേശമായ അട്ടാരിയില്‍ മയക്കുമരുന്ന് കടത്തലുമായി ബന്ധപ്പെട്ട് ഹീനയുടെ അമ്മ ഫാത്തിമയെയും, സഹോദരി മുംതാസിനെയും 2006ലാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലാകുന്ന സമയത്ത് ഗര്‍ഭിണിയായിരുന്ന ഫാത്തിമ ജയിലില്‍ വച്ചുതന്നെ ഹീനയെ പ്രസവിച്ചു. അതോടെ പത്തു വര്‍ഷം ചെയ്യാത്ത കുറ്റത്തിന് ഹീനയും ജയില്‍ ശിക്ഷ അനുഭവിച്ചു. ഇത്രയും കാലത്തിനിടെ ഹീനയ്ക്ക് ഇതുവരെ പുറംലോകം കാണാനായിട്ടില്ല.
പത്തു വര്‍ഷത്തെ തടവിനും പിഴയ്ക്കും ശിക്ഷിച്ച ഇവര്‍ പത്തു വര്‍ഷം ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയെങ്കിലും പിഴയടയ്ക്കാത്തതിനാല്‍ രണ്ട് വര്‍ഷം കൂടി ശിക്ഷ അനുഭവിക്കുകയായിരുന്നു. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ പിഴ തുക അടച്ച് ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ട്.
മൂവരെയും ജയിലില്‍ സന്ദര്‍ശിച്ച പാക് ഹൈകമ്മിഷന്‍ കൗണ്‍സിലര്‍ ഇവരുടെ മോചനത്തിന് തടസമാകുന്ന ഹീനയുടെ പൗരത്വത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. ഇനി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് കൂടി ലഭിച്ചാല്‍ ഉടന്‍തന്നെ ഹിനാക്കും കൂട്ടര്‍ക്കും പാകിസ്ഥാനിലേക്ക് മടങ്ങാന്‍ സാധിക്കും.
ജയിലിനപ്പുറത്തുള്ള ലോകം കാണാന്‍ കണ്ണുകള്‍ ഒരുക്കി കാത്തിരിക്കുകയാണ് ഹിന ഇപ്പോള്‍.