കുട്ടി ക്രിക്കറ്റ് വീണ്ടും കുട്ടിയാകുന്നു; അടിച്ചു തകര്‍ക്കാനൊരുങ്ങി താരങ്ങള്‍

മുംബൈ : ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് ചുരുങ്ങിത്തുടങ്ങിയ ക്രിക്കറ്റ് ഇപ്പോള്‍ ട്വന്റി-20 വരെ എത്തി നില്‍ക്കുകയാണ്. സമയംകൊല്ലിയെന്ന് ക്രിക്കറ്റിനെ വിമര്‍ശിച്ചവര്‍ക്ക് ട്വന്റി20 ക്രിക്കറ്റ് സമ്മാനിച്ച ആശ്വാസം ചെറുതല്ല. ഇപ്പോളിതാ അവിടെ നിന്നും വീണ്ടും പത്തോവറിലേക്കു ചുരുങ്ങാന്‍ തുടങ്ങുകയാണ് ക്രിക്കറ്റ്.

യു.എ.ഇ-യിലെ ഒരു സ്വകാര്യ കമ്പനി നേതൃത്വം നല്‍കുന്ന ഈ ‘ടെന്‍-10’ ടൂര്‍ണമെന്റാണ് പത്ത് ഓവര്‍ രീതിയില്‍ നടക്കുന്നത്. ഔദ്യോഗിക ക്രിക്കറ്റ് സംഘടനകള്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റല്ലെങ്കിലും ഇതില്‍ പങ്കെടുക്കാനെത്തുന്നത് സമകാലീന ക്രിക്കറ്റ് ലോകത്തെ മഹാരഥന്‍മാരാണ്.

കുട്ടി ക്രിക്കറ്റിലെ വെടിക്കെട്ട് വീരന്മാരായ ക്രിസ് ഗെയ്ല്‍, വീരേന്ദര്‍ സേവാഗ്, ഷാഹിദ് അഫ്രീദി, കുമാര്‍ സംഗക്കാര തുടങ്ങിയ വമ്പന്‍മാര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യാന്തര ക്രിക്കറ്റ് രംഗത്തേക്ക് പിച്ചവയ്ക്കുന്ന യു.എ.ഇ ക്രിക്കറ്റ് ബോര്‍ഡിന്റെ സഹകരണവും പരമ്പരയ്ക്ക്കുണ്ട്. 20 ഓവര്‍ ഫോര്‍മാറ്റിലെത്തിയ ട്വന്റി20 ക്രിക്കറ്റിന് ആരാധകര്‍ക്കിടയില്‍ ലഭിച്ച വന്‍ സ്വീകരണമാണ് വീണ്ടും ഓവര്‍ ചുരുക്കിയുള്ള ക്രിക്കറ്റ് പരീക്ഷിക്കാന്‍ പ്രേരിതമായത്.

ഇതിന്റെ ഉദ്ഘാടന സീസണ്‍ നാലു ദിവസം മാത്രം നീണ്ടു നില്‍ക്കുന്ന ഒന്നായിരിക്കുമെന്നാണ് പ്രാഥമിക സൂചന. ഡിസംബര്‍ 21ന് ആരംഭിച്ച് ഡിസംബര്‍ 24ന് അവസാനിക്കുന്ന രീതിയിലാണ് ടൂര്‍ണമെന്റ് പദ്ധതിയിട്ടിരിക്കുന്നത്. ഇവര്‍ ഉള്‍പ്പെടെ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ച ഇരുപതോളം താരങ്ങള്‍ ടൂര്‍ണമെന്റിന് എത്തുന്നുണ്ട്.