എന്തിനാണ് തിരുവമ്പാടിയില്‍ മറ്റൊരു എയര്‍പോര്‍ട്ട്; കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ ആരാണ് തടസം നില്‍ക്കുന്നത്

കോഴിക്കോട്: കരിപ്പൂരില്‍ വലിയ വിമാനം ഉടന്‍ ഇറങ്ങിയേക്കുമെന്ന വിവരം കഴിഞ്ഞ ദിവസം മലബാര്‍ ഡവലപ്പ്‌മെന്റ്‌ഫോറം പുറത്ത് വിട്ടിരുന്നു. മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറത്തിന്റെ പ്രസിഡന്റ് കെ.എം ബഷീറിന്റെ ഒരു കുറിപ്പിലാണ് ഈ വിവരം നല്‍കിയിരിക്കുന്നത്.

‘നിലവിലുള്ള റണ്‍വെയില്‍ 2680 മീറ്ററില്‍ മുമ്പ് സര്‍വ്വീസ് നടത്തി പോന്ന കോഡ് E യില്‍ പെട്ട 777 / 200 വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ പര്യാപ്തമാണെന്ന യാഥാര്‍ത്ഥ്യം വൈകിയാണെങ്കിലും ഇന്ത്യന്‍ വ്യോമയാന അധികാരികള്‍ക്ക് വ്യക്തമായിരിക്കുന്നു. നിലവില്‍ റണ്‍വെയിലുള്ള Friction (മിനുസം / ഘര്‍ഷണം) പ്രത്യേകസംഘം പരിശോധിക്കുന്നു. ഇന്ത്യന്‍ വ്യോമയാന നിയമമനുസരിച്ച് റണ്‍വേയുടെ Friction തരപ്പെടുത്തിയിട്ടുമുണ്ട്. ഒന്നുകൂടി മെച്ചപ്പെടുത്തണമെന്ന് പറഞ്ഞാല്‍ മതി റണ്‍വെയുടെ പ്രതലത്തില്‍ Rough വരുത്താനായി മൈനര്‍ റീ -കാര്‍പ്പറ്റിങ്ങ് നടത്തണം. റണ്‍വെയുടെറി റിസാ സോണില്‍ കടല്‍ പൂഴി നിറച്ച്
റിസ ശരിപ്പെടുത്തണം.അതൊക്കെവേഗത്തില്‍ തരപ്പെടുത്താനുള്ള ശക്തമായ ശ്രമമാണ് കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി. രാധാകൃഷ്ണ നടത്തി വരുന്നത്. കടലില്‍ നിന്നും മണ്ണ് ലഭ്യമാക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കണമെന്ന് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം മലപ്പുറം, കോഴിക്കോട് കലക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കരിപ്പൂരിനെതിരായുള്ള ഉപരോധം അവസാനിച്ചിരിക്കുന്നു. തടസവാദങ്ങള്‍ ഉന്നയിച്ച ഉദ്യോഗസ്ഥരില്‍നിന്നും നീതിയും ലഭ്യമായി. നിലവിലെ ചെറിയ ചെറിയ സാങ്കേതികത്വം ഉടനെ പരിഹരിച്ച് മുന്‍ കാല സ്റ്റാറ്റസ്‌കോ പ്രാബല്യത്തിലാവാന്‍ ഇനി മാസങ്ങള്‍ മാത്രം കാത്തിരിക്കുക…’, ഇങ്ങനെയാണ് കെ.എം ബഷീറിന്റെ പോസ്റ്റ് അവസാനിക്കുന്നത്. സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിമാനക്കമ്പനികള്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സി എന്നിവയുടെ നേതൃത്വത്തിലുള്ള സുരക്ഷാപഠനം മാത്രമാണ് നടത്താനുള്ളത്.

അതേസമയം നിലവിലെ കരിപ്പൂര്‍ വിമാനത്താവളം ഇത്തരത്തില്‍ വികസിപ്പിക്കുകയാണെണെങ്കില്‍ അടുത്തുതന്നെ മറ്റൊരു എയര്‍പോര്‍ട്ട് ആവശ്യമുണ്ടോ എന്നതാണ്. 2000 എക്കര്‍ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടുള്ള തിരുവമ്പാടി എയര്‍പോര്‍ട്ട് ഒരു അനാവശ്യമായി ഇതിനകം പരാതി ഉയര്‍ന്നു കഴിഞ്ഞു. പുതിയ എയര്‍പോര്‍ട്ടിന്റെ പേരില്‍ പ്രവാസി സ്‌നഹേമല്ല മറിച്ച് സ്ഥാപിത താല്‍പര്യക്കാരെയും ബിസിനസ് ലോബിയെയും സഹായിക്കാനാണ് എന്നാണു ആക്ഷേപം.

ഇതിനിടയില്‍ കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതില്‍നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പിന്‍വലിയുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. വന്‍തുക വേണ്ടിവരുന്ന ഭൂമി ഏറ്റെടുക്കല്‍ പ്രതിസന്ധിയിലായ സാഹചര്യവും വികസനം പൂര്‍ത്തിയാക്കാനുള്ള കാലതാമസവുമാണ് പ്രധാനകാരണമായി ഉയര്‍ത്തികാണിക്കുന്നത്.

എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി. രാധാകൃഷ്ണ വിഷയത്തില്‍ ബുധനാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ വിവരം ധരിപ്പിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞ ഭൂമി എത്ര വേണ്ടിവരുമെന്ന റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം സമര്‍പ്പിക്കാന്‍ യോഗത്തില്‍ മുഖ്യമന്ത്രി ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2,860 മീറ്റര്‍ നീളമുള്ള റണ്‍വേ 3,627 മീറ്ററാക്കി വര്‍ധിപ്പിക്കുന്നതിന് 248 ഏക്കറും പുതിയ ടെര്‍മിനലിനായി 137 ഏക്കറുമാണ് അതോറിറ്റി ആവശ്യപ്പെട്ടത്.