ആള്‍ ദൈവങ്ങളെ തൊട്ടാല്‍ കത്തി ചാമ്പലാകുന്ന ഭാരതം

ഇന്ത്യയിലെ എല്ലാ പ്രബല മതങ്ങളിലും, എന്തിനു ഏറ്റവും ചെറിയ മതത്തില്‍പോലും ആള്‍ ദൈവങ്ങള്‍ ഉണ്ടെന്നു വേണം വിശ്വസിക്കാന്‍. മതത്തിനും ആള്‍ ദൈവങ്ങള്‍ക്കും എതിരെ ശബ്ദിച്ചാല്‍ അത് ഇപ്പോള്‍ പരമോന്നത നീതിപീഠം ആയാലും രാജ്യം കത്തി ചാമ്പലാക്കാനുള്ള സാധ്യത മിക്ക സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നുണ്ട്.

ഗുര്‍മീത് റാം റഹീം സിങ്! ഈ പേരാണ് ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളിലും ഈ ദിവസങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബലാത്സംഗക്കേസ് പ്രതിയായിട്ടും മൂന്ന് സംസ്ഥാന സര്‍ക്കാറുകളെയും രാജ്യത്തെയും മുള്‍മുനയില്‍ നിര്‍ത്തി അനേകരുടെ ജീവനും സ്വത്തിനും വന്‍നാശം വിതയ്ക്കാന്‍ കഴിഞ്ഞത് ഇതുവരെ ഒരു ആള്‍ദൈവത്തിനും കഴിയാത്ത വിദ്യയാണ്. ഇദ്ദേഹം സാധാരണ ആള്‍ദൈവമല്ല. അതുക്കും മേലെയാണ്.

ദിവ്യന്‍, സാമൂഹിക പ്രവര്‍ത്തകന്‍, കായികതാരം, ഗായകന്‍, നടന്‍, കലാസംവിധായകന്‍, സംഗീത സംവിധായകന്‍, എഴുത്തുകാരന്‍ ഇങ്ങനെ ആത്മീയതയും, ഭൗതികതയും കൃത്യമായ അളവില്‍ ചേര്‍ത്ത് സ്വയം ഉണ്ടാക്കിയെടുത്ത ദിവ്യ തേജസിന് ഉടമയാണ് ഈ സിങ്. ലക്ഷകണക്കിന് ആരാധകരുയുടെയും ആസ്വാദകരുടെയും പരിലാളന നിലനിറുത്തുന്നതുകൊണ്ട് ഭരണകൂടങ്ങളയേയും രാഷ്ട്രീയകക്ഷികളയേയും വിറപ്പിക്കാനും ഈ കൂട്ടര്‍ക്ക് എളുപ്പത്തില്‍ സാധ്യമാകുന്നു.

എല്ലാ ഭൌതിക സുഖങ്ങളും വെടിഞ്ഞ് ആത്മീയതയില്‍ മാത്രം വിരാജിച്ചിരുന സന്യാസിമാരും, രാജ്യത്തിനു വേണ്ടി പ്രാണന്‍ വരെ സമര്‍പ്പിച്ചു ജീവിച്ചവരുടെയും പുണ്യഭൂമിയായ ഭാരതത്തില്‍ പക്ഷെ ആള്‍ ദൈവങ്ങള്‍ക്ക് സജീവമായ മാര്‍ക്കറ്റാണ്. അത് വര്‍ദ്ദിക്കുന്നതല്ലാതെ കുറയുന്നില്ല. പാവപ്പെട്ടവനും, സമ്പന്നനും, വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവനും, എന്തിന് ആണിനും പെണ്ണിനുമെല്ലാം വെവ്വേറെ ആള്‍ ദൈവങ്ങള്‍ ഉള്ള ഏക രാജ്യം ഒരുപക്ഷെ ഇന്ത്യ മാത്രമായിരിക്കും ലോകത്തില്‍. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ രാജ്യത്തിന്റെ സാമ്പത്തീക സ്ഥിതി മാറിയെന്നു പറയുമ്പോഴും ആരു വിചാരിച്ചാലും രക്ഷിക്കാന്‍ സാധ്യമല്ലാത്ത രീതിയില്‍ ആള്‍ ദൈവങ്ങളുടെ സാമ്രാജ്യം വികസിക്കുകയാണ്.

ഇതൊരു വലിയ ആപത്സൂചനയാണ്. പാലഭിഷേകവും, പാട്ടും, ആരാധനയും ഒരു വ്യക്തിയെ ചുറ്റിപ്പറ്റി മാത്രമാകുമ്പോള്‍ അവിടെ ആത്മീയതയല്ല രൂപപ്പെടുന്നത്, രാജ്യം ചാമ്പലാക്കാനുള്ള തീയാണ്. ആചാരാനുഷ്ഠാനങ്ങളും, അന്ധവിശ്വാസങ്ങളും, ആള്‍ദൈവങ്ങളുടെ അസംബന്ധ പ്രകടനങ്ങളും ആത്മീയതയായി തെറ്റിദ്ധരിക്കപ്പെടുന്ന വിശുദ്ധ നാടായി ഇന്ത്യ കൂപ്പുകുത്തുകയാണോ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല.

തോന്നതുപോലെ ജീവിക്കുകയും, യാതൊരു കാഴ്ചപ്പാടുമില്ലാതെ അലസ ജീവിതം നയിച്ചിട്ട് എന്തുചെയ്യണമെന്ന് അറിയാതെ നില്‍ക്കുന്നവര്‍ക്ക് ആലിംഗനം നല്‍കി അവരെ വലയിലാക്കുന്ന ആള്‍ദൈവങ്ങളെ സൂക്ഷിക്കുക. അവര്‍ എല്ലാ മതവിഭാഗത്തിലുമുണ്ട്. സ്വയം കണ്ടെത്താന്‍ സഹായിക്കുന്നവരോട് സംവദിക്കുക, അല്ലെങ്കില്‍ വ്യക്തിത്വവും അറിവും സ്വന്തം കുടുംബത്തിലും നല്ല സൗഹൃദങ്ങളിലും പങ്കുവയ്ക്കുക. ആത്മാവ് ഇല്ലാത്ത കപട ആത്മീയത കച്ചവടമാക്കിയ ആള്‍ദൈവങ്ങള്‍ കാട്ടികൂട്ടുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ആധുനിക വിപണതന്ത്രങ്ങളില്‍ സ്വയം വിട്ടുകൊടുത്ത് മുതല്‍മുടക്കില്ലാതെ വന്‍ലാഭം കൊയ്യുന്ന ഇത്തരം ആത്മീയ വ്യാപാരികളുടെ ഉപഭോക്താക്കളായി മാത്രം തീര്‍ന്നാല്‍ സ്ഥിതി എന്താകും.