മലയാളിയെ ‘മലയാളം’ പഠിപ്പിക്കാന്‍ വരുന്നു ‘പച്ചമലായളം’ കോഴ്‌സ്
തിരുവനന്തപുരം: മലയാളിയെ തെറ്റ് കൂടാതെ മലയാളം പറയാനും എഴുതാനും പഠിപ്പിക്കുന്ന ‘പച്ച മലയാളം’ കോഴ്‌സ് വരുന്നു. പറയുമ്പോഴും, എഴുതുമ്പോഴും മലയാളം തെറ്റിക്കുന്നത് നികത്താനാണ് സംസ്ഥാന സാക്ഷരതാ മിഷന്‍ ഈ കോഴ്‌സിന് രൂപംനല്‍കിയത്. മലയാള ഭാഷയെ നന്നായി പഠിക്കാന്‍ താത്പര്യമുള്ള ഏത് പ്രായത്തിലുള്ളവര്‍ക്കും ഇതില്‍ ചേരാം. മറ്റ് ഭാഷ മാത്രമറിയുന്നവര്‍, ഭരണഭാഷ മാതൃഭാഷയായതിനെതുടര്‍ന്ന് ഓഫീസ് നിര്‍വഹണത്തില്‍ പ്രയാസം നേരിടുന്നവര്‍, ഭാഷാന്യൂനപക്ഷത്തിലുള്ളവര്‍ എന്നിവരെയാണ് പ്രധാനമായും ഉദ്ദേശിച്ചുള്ളതാണ് ഈ കോഴ്‌സ്. മലയാളം കംപ്യൂട്ടിങ് വ്യാപിപ്പിക്കുക, സ്മാര്‍ട്ട് ഫോണുകളിലടക്കം മലയാളത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുക എന്നിവയും ഉദ്ദേശിക്കുന്നു.
രണ്ട് പാഠ്യഭാഗങ്ങളാണ് കോഴ്സിലുണ്ടാവുക. ആദ്യത്തേതില്‍ അക്ഷരം, ചിഹ്നം, വാക്യം, വാക്യഘടന എന്നിവയാകും പഠിക്കാനുണ്ടാവുക. അടുത്തതില്‍ ഭാഷാസാഹിത്യം, കല, കേരളസംസ്‌കാരം, മാധ്യമ സാക്ഷരത എന്നിവയായിരിക്കും വിഷയങ്ങള്‍. ക്‌ളാസുകള്‍ ഉണ്ടാവുക അവധി ദിവസങ്ങളിലായിരിക്കും. മൂന്ന് മണിക്കൂര്‍ വീതമുള്ള 20 ക്ലാസെങ്കിലും പഠിതാവിന് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. മുതിര്‍ന്നവരുടെ ബോധന ശാസ്ത്രത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന പാഠപുസ്തകവും ഉണ്ടാകും.
ബിരുദാനന്തരബിരുദധാരികള്‍ മുതല്‍ വിരമിച്ച അധ്യാപകര്‍ വരെയുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് ക്‌ളാസുകള്‍ നടത്തുക. ഒരു നിശ്ചിത തുക പ്രതിഫലമായി നല്‍കും. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനങ്ങളിലെ ഹൈസ്‌കൂളുകളാണ് പഠനകേന്ദ്രം. കോഴ്സില്‍ ചേരാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ 30 വരെ രജിസ്റ്റര്‍ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്‌സ് ഫീസ് 2000 രൂപയുമാണ്. ഓരോ കേന്ദ്രത്തിലും 75 പേര്‍ക്കാണ് പ്രവേശനമുണ്ടാവുക.
നാലുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സായാണ് പച്ചമലയാളം നടപ്പാക്കുന്നത്.