കതിരൂര്‍ മനോജ് വധം;പ്രതിയ്ക്ക് വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍ക്ക് സ്ഥാനക്കയറ്റം, മന്ത്രി ശൈലജയ്ക്കതിരെ ആരോപണം, ഞെട്ടിക്കുന്ന തെളിവുകള്‍
കണ്ണൂര്‍ ജില്ലാ ആശുപത്രിയലെ മുന്‍ ആര്‍.എം.ഒ. ഡോ. കെ. വി. ലതീഷിനെ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍ആര്‍എച്ച്എം) കണ്ണൂര്‍ ജില്ലാ പ്രോഗ്രാം ഓഫീസറായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചതില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും പ്രത്യേക താല്‍പര്യമെടുത്തെന്ന വാദം ശക്തമാകുന്നു. ബാലാവകാശ കമ്മീഷന്‍ അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ട മന്ത്രി വീണ്ടും സ്വജനപക്ഷപാതത്തിന്റെ പേരില്‍ വേട്ടയാടപ്പെടുകയാണ്.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് കൊടുക്കുക, ഡിപ്പാര്‍ട്ട്‌മെന്റ് അച്ചടക്കം പാലിക്കാതിരിക്കുക തുടങ്ങിയവയക്ക് അച്ചടക്ക നടപടി നേരിടുന്ന ജൂനിയര്‍ ഡോക്ടര്‍ക്ക് പാര്‍ട്ടിയുടേയും ആരോഗ്യമന്ത്രിയുടേയും മന്ത്രിയുടെയും പ്രത്യേക ലാളനയില്‍ ഉന്നത നിയമനം ലഭിച്ചുവെന്നാണ് രേഖകള്‍ തന്നെ തെളിയിക്കുന്നത്. മന്ത്രി ശൈലജയുടെ കണ്ണൂര്‍ ജില്ലാ പരിപാടികളിലും സജീവമാകുന്ന ലതീഷിന് ഉന്നതന്‍മാര്‍ക്കിടയിലും വലിയ സ്വാധീനമാണുള്ളത്.
എന്നാല്‍ രേഖകളില്‍ നിന്നും വ്യക്തമാകുന്നത് പ്രകാരം കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയ്ക്കു വേണ്ടിയും ഡോക്ടര്‍ ഇടപെട്ടു എന്നതാണ്. ഇതു സംബന്ധിച്ച് സി.ബി.ഐ. ഉള്‍പ്പെടെ നല്‍കിയ പകര്‍പ്പുകളിലും ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്.
കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി കെ.വി. വിക്രമനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ഒ.പി. യില്‍ പരിശോധിക്കുകയോ ചെയ്യാതെ തന്നെ മനോരോഗത്തിന് നിംഹാന്‍സില്‍ ഉന്നത ചികിത്സയ്ക്ക് റഫര്‍ ചെയ്യുന്ന കത്ത് നല്‍കിയത് ഡോ. ലതീഷായിരുന്നു. എന്നാല്‍ കേവലം ആര്‍.എം.ഒ. ആയ ലതീഷിന് ഇത്തരത്തില്‍ കത്ത് നല്‍കാന്‍ അധികാരമില്ല.
മറിച്ച് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കത്ത് നല്‍കേണ്ടത് ജില്ലാ ആശുപത്രി സൂപ്രണ്ട് ആയിരുന്നു. വിവരാവകാശ നിയമ പ്രകാരം കൊടുത്ത പരാതിയുടെ മറുപടിയിലും ഇക്കാര്യം ജില്ലാ സൂപ്രണ്ട് തന്നെ വെളിപ്പെടുത്തുന്നുണ്ട് ചട്ടങ്ങള്‍ ലംഘിച്ച് രോഗിക്ക് ആശുപത്രി ലെറ്റര്‍ ഹെഡ്ഡില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതും കുറ്റകരമാണെന്നായിരുന്ന് സി.ബി.ഐയും മെഡിക്കല്‍ സൂപ്രണ്ടുമുള്‍പ്പെടെ കണ്ടെത്തിയിരുന്നു. ലതീഷ് നല്‍കിയത് വ്യാജരേഖയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് സിബിഐ. ഡിവൈ.എസ്പി. കത്ത് നല്‍കിയത്.
കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി വിക്രമന്‍ മദ്യത്തിന് അടിമയാണെന്നും വര്‍ഷങ്ങളായി തന്റെ കീഴില്‍ ചികിത്സയിലാണെന്നുമുള്ള റിപ്പോര്‍ട്ടാണ് ലതീഷ് വ്യാജമായി നിര്‍മ്മിച്ചു നല്‍കിയത്. എന്നാല്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വിക്രമനെ ചികിത്സിച്ചതായി രേഖയുമുണ്ടായിരുന്നില്ല എന്നുമാത്രല്ല വ്യാജമായാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നതെന്നും ആശുപത്രി സൂപ്രണ്ട് സി.ബി.ഐയെ അറിയിച്ചിരുന്നു. ഇത് വധക്കേസിലെ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സി.ബി.ഐ. വിലയിരുത്തുന്നത്. ഇതേ തുര്‍ന്ന് സി.ബി.ഐ. ലതീഷില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു.
അനധികൃതമായി ലീവില്‍ പോയതിന് വകുപ്പു തല നടപടികള്‍ക്ക് ശുപാശ ചെയ്യപ്പെട്ട ആളുൂടിയാണ് ലതീഷ്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടിസിങ്ങിന് തടസങ്ങള്‍ ഉള്ളപ്പോള്‍ സ്വന്തമായി ക്ലിനിക്ക് നടത്തുകയും ചെയ്യുന്ന ആളാണ് ലതീഷ്. ഇത്തരത്തില്‍ ആരോപണം സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്കുള്‍പ്പെടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതുമാണ്.
ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ഉന്നത തലത്തില്‍ നിന്ന് വരെ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും നടപടി കൈക്കൊണ്ടിട്ടില്ല. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നാണ് ഇതേക്കുറിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി പോലും പ്രതികരിച്ചതെന്ന് പരാതിക്കാരന്‍ പറയുന്നു.
ഇതിനൊപ്പം നിരവധി പേര്‍ക്ക് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ഡോ. ലതീഷിനെതിരെ നടപടിയെടുക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി, ഡി.എച്ച്.എസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ നിര്‍ദ്ദേശം നല്‍കിയതാണ്. ആരോപണത്തെക്കുറിച്ച് അനേഷിച്ച ആരോഗ്യ വകുപ്പ് അഡി.ഡയറക്ടര്‍ (വിജിലന്‍സ് )ഡോ. നീത വിജയന്റെ റിപ്പോര്‍ട്ടും ഡോക്ടര്‍ക്കെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന കണ്ടെത്തലിലാണ് എത്തിച്ചേര്‍ന്നത്.
കൂടാതെ സൂപ്രണ്ടിന്റെ അനുമതിയില്ലാതെ ആശുപത്രി ലെറ്റര്‍ ഹെഡ്ഡോടു കൂടി സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കിയതിന് ഡോക്ടര്‍ക്കെതിരെ നടപടി ആരംഭിച്ചെന്നും റിപ്പോര്‍ട്ടിലെ കുറിപ്പുകള്‍ അംഗീകരിക്കുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോ.ലതീഷിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ ഡയറക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നായിരുന്നു ആരോഗ്യ സെക്രട്ടറിയുടെ ഫയലില്‍ കുറിച്ചത്.
ഇത്രയേറെ ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കല്യാശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ അസിസ്റ്റന്റ് സര്‍ജനായിരിന്ന ലതീഷിനെ ആറുമാസം മുന്‍പ് എന്‍.ആര്‍.എച്ച്.എമ്മിന്റേത് ഉള്‍പ്പെടെ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ജില്ല ആരോഗ്യ വകുപ്പിന്റെ പ്രബല സ്ഥാനത്തേയ്ക്ക് നിയമിച്ചിരിക്കുന്നത്. ലതീഷിനെതിരേ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയ അണ്ടര്‍സെക്രട്ടറി കെ.എസ്. വിജയശ്രീ തന്നെയാണ് പ്രോഗ്രാം മാനേജറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും ഇറക്കിയതെന്നതാണ് വിരോധാഭാസവും ഇക്കാര്യത്തിലെ ഉന്നതരുടെ പങ്കും വെളിപ്പെടുത്തുന്നത്.
ജില്ലാ ആശുപത്രിയുടെ ലെറ്റര്‍പാഡ് ഉപയോഗിക്കാന്‍ ലതീഷിന് അധികാരമില്ലെന്നും അനുമതി നല്‍കിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സിബിഐ.ക്ക് വിശദീകരണം നല്‍കി. ഇദ്ദേഹത്തിനെതിരേ വകുപ്പുതല നടപടി സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറും സിബിഐ.യെ അറിയിച്ചു.
ഇത്തരത്തിലൊരാളെയാണ് ഉന്നത പദവിയില്‍ നിയമിച്ചിരിക്കുന്നത്. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയ്ക്ക് സംരക്ഷണമൊരുക്കാന്‍ കൂട്ടുനിന്നതിന് പാര്‍ട്ടിയും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ചേര്‍ന്ന് നടത്തിയ വലിയ ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നുള്ള ആക്ഷേപമാണുയരുന്നത്.