പി വി അന്‍വര്‍ അനധികൃതമായി നിര്‍മിച്ച റോപ് വേ പൊളിച്ചു നീക്കാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കി
കോഴിക്കോട്: മലപ്പുറം ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ പി വി അന്‍വര്‍ എം എല്‍ എ അനധികൃതമായി നിര്‍മിച്ച റോപ്പ് വേ പൊളിച്ചു മാറ്റാന്‍ ഊര്‍ങ്ങാട്ടേരി പഞ്ചായത്ത് നോട്ടീസ് നല്‍കി.പത്തുദുവസത്തിനുള്ളില്‍ റോപ്പ് വേ പൊളിച്ചുമാറ്റണമെന്ന് നോട്ടീസില്‍ പറയുന്നുണ്ട്.
റസ്റ്റോറന്റ് നിര്‍മാണം നടത്തുന്നതിനാണ് പഞ്ചായത്തില്‍നിന്ന് പി. വി അന്‍വറിനു അനുമതി നല്‍കിയത്. എന്നാല്‍ റസ്റ്റോറന്റ് നിര്‍മാണത്തിനു പകരം റോപ്പ് വേയും ചെക്ക് ഡാമും നിര്‍മിക്കുകയായിരുന്നു.
അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള സ്ഥലത്താണ് എം .എല്‍. എ അനധികൃത റോപ്പ് വേനിര്‍മിച്ചിരിക്കുന്നത്. വനത്തിന് സമീപത്തായി, മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് 480 മീറ്ററോളം ദൈര്‍ഘ്യമുള്ള റോപ് വേ നിര്മ്മിച്ചത്. ഇവിടെത്തന്നെ അനധികൃതമായി ചെക്ക്ഡാം നിര്‍മിച്ചത് വന്‍വിവാദത്തിന് വഴിവച്ചിരുന്നു. എം.എല്‍.എ അനധികൃതമായി നിര്‍മിച്ച ചെക്ക് ഡാം പൊളിച്ചു നീക്കാന്‍ മലപ്പുറം ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.
കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് അനധികൃതമായി നിര്‍മിച്ചെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് അനധികൃത റോപ്പ് വേ, ചെക്ക് ഡാം നിര്‍മാണവാര്‍ത്തകള്‍ പുറത്തെത്തിയത്.