കനത്ത മഴ തുടരുന്നു;ഗതാഗതം താറുമാറായി, മുംബൈ നഗരം വെള്ളപ്പൊക്ക ഭീതിയില്‍
മുംബൈ: ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ നഗരം ഗതാഗത കുരുക്കില്‍ . നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം നിറഞ്ഞ നില്ക്കുന്ന അവസ്ഥയാണുള്ളത്. കനത്ത മഴ തുടരുന്നതിനാല്‍ മുംബൈയില്‍ നിന്നുള്ള ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കേരളത്തില്‍ നിന്ന് കൊങ്കണ്‍ വഴി പോകുന്ന ട്രെയിനുകളെയും മഴ ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയിലേക്ക് പോകുന്ന മംഗള എക്സ്പ്രസ് (12617) ബോംബെ കല്യാണ്‍ ജങ്ഷനും ഗുസാവല്‍ ജങ്ഷനും ഇടയില്‍ വഴിതിരിച്ചുവിട്ടു. വ്യോമ ഗതാഗതവും ഏതാണ്ട് താറുമാറായ അവസ്ഥയിലാണ്. രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടെ നിരവധി വിമാനങ്ങള്‍ സമയം ഏറെ വൈകിയാണ് സര്‍വീസ് നടത്തുന്നത്.
സിയോണ്‍, ദാദര്‍, മുംബൈ സെന്‍ട്രല്‍, കുര്‍ള, അന്തേരി, സാകിനാക തുടങ്ങിയ സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാണ്. ഈ പ്രദേശങ്ങളില്‍ ഗതാഗതവും താറുമാറായി. മുംബൈ നഗരത്തില്‍ 30.92 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. നഗരത്തിന്റെ കിഴക്കന്‍ മേഖലയില്‍ 15.56 മില്ലിമീറ്ററും പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ 12.42 മില്ലി മീറ്റര്‍ മഴയുമാണ് ലഭിച്ചത്. നഗരത്തില്‍ അടുത്ത 48 മണിക്കൂര്‍ കനത്ത മഴ തുടരുമെന്നും അപകടസാധ്യതകള്‍ നടപടികളെടുക്കണമെന്നും കലാവസ്ഥാ നിരീക്ഷണവകുപ്പ് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്പറേഷന് മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ നാലുദിവസമായി മഴ ശക്തമായി തുടരുന്നതിനാല്‍ വെള്ളപ്പൊക്ക ഭീതിയിലാണ് മുംബൈ നഗരം. ശനിയാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലര്‍ച്ചെയും ശക്തമായി തുടര്‍ന്നതോടെ നഗരത്തിന്റെ താഴ്ന്ന പലഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ നിറഞ്ഞു. നഗരത്തിന്റെ പലഭാഗങ്ങളിലും അടുത്ത 48 മണിക്കൂര്‍ കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നും അടിയന്തര ആവശ്യങ്ങളില്ലെങ്കില്‍ പുറത്തിറങ്ങരുതെന്നും ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2005 ന് ശേഷമുള്ള ഏറ്റവും കനത്തമഴയാണ് മുംബൈയില്‍ പെയ്യുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പലരും വിവരങ്ങള്‍ കൈമാറുന്നതും അറിയുന്നതും.