ധോണിയെ 2019 ലോകകപ്പില്‍ ഉള്‍പ്പെടുത്തണെമെന്നു സെവാഗ്, കൂടാതെ ഇവരെക്കൂടി ടീമിലെടുക്കണം

ദില്ലി: 2019 ലോകകപ്പില്‍ ഇടം കണ്ടെത്താന്‍ മികച്ച പ്രകടനം നടത്തേണ്ടി വരുമെന്ന് ശ്രീലങ്കന്‍ പര്യടനത്തിന് തിരിക്കും മുന്‍പ് ധോണിയോട് സെലെക്ട്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മത്സരത്തിലും മുന്‍ നായകന്‍ ധോണിയുടെ മികവിലാണ് ഇന്ത്യ ജയിച്ചതും പരമ്പര നേടിയതും. 2019 ലോകകപ്പ് വരെ എം.എസ് ധോണി ഇന്ത്യന്‍ ടീമില്‍ ഉണ്ടാകണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം വീരേന്ദര്‍ സേവാഗ്. ശ്രീലങ്കന്‍ പര്യടനത്തിലെ ധോണിയുടെ പ്രകടനം തന്നെയാകണം സേവാഗിനെക്കൊണ്ട് ഇത് പറയിപ്പിച്ചിരിക്കുക. എന്നാല്‍ ധോണി മാത്രമല്ല, യുവരാജ് സിംഗും, സുരേഷ് റെയ്‌നയും കൂടി ഇന്ത്യന്‍ ടീമില്‍ ഉണ്ടാവണമെന്നാണ്  സേവാഗ് പറയുന്നത്.

2011 ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗങ്ങളായിരുന്നു യുവരാജും, റെയ്‌നയും. യുവരാജ് സിംഗ് മാന്‍ ഓഫ് ദ സീരിസുമായിരുന്നു. ലോകകപ്പ് മാത്രമല്ല വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള താരങ്ങളാണിവര്‍. മധ്യനിരയില്‍ യുവരാജിന്റെയും സുരേഷ് റെയ്‌നയുടെയും പരിചയ സമ്പത്ത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും എന്നാണ് സേവാഗ് പറയുന്നത്. യുവിയും റെയ്‌നയും മധ്യനിരയ്ക്ക് മൂര്‍ച്ച കൂട്ടും – ഇന്ത്യ ടുഡേയോട് സംസാരിക്കവേ സേവാഗ് പറഞ്ഞു.

എന്നാല്‍ മോശം ഫോമിനെത്തുടര്‍ന്ന് രണ്ടുപേരും ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ പോലുമില്ല എന്നതാണ് ഇതിലെ രസകരമായ കാര്യം. ഈ സ്ഥിതി തുടര്‍ന്നാല്‍ ഇരുവരും 2019 ലോകകപ്പ് കളിക്കാനും സാധ്യതയില്ല.