ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത്തിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി
ന്യൂഡല്‍ഹി: സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. നേരത്തേ, സെപ്റ്റംബര്‍ 30 ആയിരുന്നു ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ ചേര്‍ക്കേണ്ട അവസാന തീയതിയായി പറഞ്ഞിരുന്നത്. ആധാറിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവേയാണു അറ്റോര്‍ണി ജനറല്‍ പുതിയ തീയതി അറിയിച്ചത്. ബാങ്കുമായി ഉപയോക്താക്കള്‍ ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതിയും ഡിസംബര്‍ 31 ആണ്.
എന്നാല്‍, ആധാറും പാനും ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. ഓഗസ്റ്റ് 31 ആണ് ആധാര്‍-പാന്‍ ബന്ധിപ്പിക്കലിന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയം.സുപ്രീം കോടതിയില്‍ കേന്ദ്രം പുതിയ നിലപാടെടുത്ത സാഹചര്യത്തില്‍ ഈ തീയതിയിലും മാറ്റമുണ്ടായില്ലെങ്കില്‍ നാളെയോടെ ഇതിനുള്ള അവസരം നഷ്ടമാകും.
എന്നാല്‍ ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ തീയതി നീട്ടുന്നതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ വന്നിട്ടില്ല. സുപ്രീം കോടതിയുടെ സുപ്രധാന സ്വകാര്യതാ വിധി ആധാര്‍ പദ്ധതിയെ ബാധിക്കില്ലെന്നു യു.ഐ.ഡിഎ.ഐ സി.ഇ.ഒ അജയ് ഭൂഷന്‍ വ്യക്തമാക്കിയിരുന്നു. ആദായനികുതി നിയമപ്രകാരം പാനുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും ഇതു തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആധാര്‍ കേസ് നവംബര്‍ ആദ്യവാരം സുപ്രീം കോടതി പരിഗണിക്കും.