കെഎം എബ്രഹാം പുതിയ ചീഫ് സെക്രട്ടറി; നളിനി നെറ്റോ നാളെ വിരമിക്കും, പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പുതിയ ചുമതല

നിലവിലെ ചീഫ് സെക്രട്ടറി നളിനി നെറ്റോ നാളെ വിരമിക്കുന്ന ഒഴിവില്‍ കെ.എം.എബ്രഹാമിനെ സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം.

സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന നളിനി നെറ്റോയെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗംത്തില്‍ തീരുമാനമായി.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ എസ്.എം.വിജയാനന്ദ് ചീഫ് സെക്രട്ടറിയും നളിനി നെറ്റോ അഭ്യന്തര സെക്രട്ടറിയുമായിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല നളിനി നെറ്റോ വഹിച്ചിരുന്നു.

പിന്നീട് കഴിഞ്ഞ ഏപ്രില്‍ രണ്ടിന് വിജയാനന്ദ് വിരമിച്ചപ്പോള്‍ നളിനി നെറ്റോ ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കുകയായിരുന്നു. ഇപ്പോള്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം അതേ പദവിയിലേക്ക് തന്നെ മുഖ്യമന്ത്രിയുടെ വിശ്വസ്തയായ ഈ ഉദ്യോഗസ്ഥയെത്തും. 1981 ബാച്ചിലെ ഉദ്യോഗസ്ഥയാണ് നളിനി നെറ്റോ. നളിനി നെറ്റോ കഴിഞ്ഞാല്‍ കേരള കേഡറിലെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ കെ.എം.എബ്രഹാം.

1982 ബാച്ചില്‍പ്പെട്ട അദ്ദേഹം ഡിസംബറില്‍ വിരമിക്കും. നാലുമാസമേ സേവനകാലാവധിയുള്ളൂവെങ്കിലും അദ്ദേഹത്തെ തന്നെ ചീഫ് സെക്രട്ടറിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഈ സര്‍ക്കാരിലും കഴിഞ്ഞ സര്‍ക്കാരിലും അദ്ദേഹം ധനവകുപ്പ് സെക്രട്ടറിയായിരുന്നു.

നിലവില്‍ കേരള കേഡറില്‍ സീനിയോറിറ്റിയില്‍ എബ്രഹാമിന് പിന്നിലുള്ളത് ഡോ. അമരേന്ദ്രകുമാര്‍ ദുബെയും അരുണാ സുന്ദരരാജുമാണ്. ഇരുവരും കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. അമരേന്ദ്രകുമാര്‍ കേന്ദ്ര യുവജനകാര്യ മന്ത്രാലയം സെക്രട്ടറിയാണ്. അരുണ കേന്ദ്ര െഎ.ടി. സെക്രട്ടറിയും.