കതിരൂര്‍ മനോജ് വധം; പി ജയരാജനെതിരെ യുഎപിഎ ചുമത്തി, സിബിഐ കുറ്റപത്രം ഇങ്ങനെ…
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്തി. കേസില്‍ 25ാം പ്രതിയായ ജയരാജയനെതിരെ ഗുരുതര കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.
ഗൂഢാലോചനയില്‍ പി. ജയരാജന്‍ നേരിട്ടു പങ്കാളിയായിരുന്നു. കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു മനോജിനെ വധിച്ചതെന്നും സി.ബി.ഐ. സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലാണു കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്.
ഭീകരപ്രവര്‍ത്തനം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചന നടത്തിയതിനു യുഎപിഎ 18ാം വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്താണു ജയരാജനെതിരെ സിബിഐ കേസ് എടുത്തിരുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചനയും വധശ്രമവും കൊലപാതകവും അടക്കമുള്ള വകുപ്പുകളും സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരവും കേസുണ്ട്.
പി. ജയരാജനു മനോജിനോടുള്ള വ്യക്തി വൈരാഗ്യവും രാഷ്ട്രീയ വിരോധവുമാണു കൊല ആസൂത്രണം ചെയ്യാന്‍ ജയരാജനെ പ്രേരിപ്പിച്ചതെന്നും മനോജ് വധക്കേസില്‍ അറസ്റ്റിലായ 19 പ്രതികള്‍ക്കും മനോജുമായി വൈരാഗ്യമുണ്ടായിരുന്നില്ലെന്നും പി. ജയരാജനു മാത്രമാണു വ്യക്തി വൈരാഗ്യവും രാഷ്ട്രീയ വൈരാഗ്യവും ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
1999 ഓഗസ്റ്റ് 25ന് പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയായിരുന്നു മനോജ് ഇതാണു ജയരാജനു മനോജിനോടു വ്യക്തി വൈരാഗ്യത്തിനുള്ള കാരണമെന്നു സി.ബി.ഐ. വ്യക്തമാക്കുന്നു.
മനോജിന്റെ വധം ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ്. ജില്ലാ ശാരീരിക ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജ് കൊല്ലപ്പെട്ടത്.
കിഴക്കെ കതിരൂരിലെ വീട്ടില്‍നിന്ന് ഇറങ്ങിയ മനോജിന്റെ വാഹനത്തിനു നേരെ ബോംബ് എറിഞ്ഞശേഷം, വണ്ടിയില്‍നിന്നു വലിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്. പി. ജയരാജന്‍, പാര്‍ട്ടി പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ എന്നിവരടക്കം 25 സിപിഎം പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളാണ്.
മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് 2016 ഫെബ്രുവരി 12നു കോടതിയില്‍ കീഴടങ്ങിരുന്നു. റിമാന്‍ഡ് ചെയ്യപ്പെട്ട ജയരാജന് മാര്‍ച്ച് 24നാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.









