നാടുകാണി വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മാവോയിസ്‌റ് പ്രവര്‍ത്തക കൊല്ലപ്പെട്ടു
മലപ്പുറം: മാവോയിസ്റ്റ് വനിതാ നേതാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തല്‍. സിപിഐ (മാവോയിസ്റ്റ്) പശ്ചിമ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിലെ അംഗം ലതയാണ് കൊല്ലപ്പെട്ടതായാണ് മാവോയിസ്റ്റുകള്‍ ഇറക്കിയ പത്രികയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറിനും ആറരയ്ക്കും ഇടയില്‍ നാടുകാണി വനമേഖലയിലുണ്ടായ കാട്ടാനയുടെ ആക്രമണത്തിലാണു കൊല്ലപ്പെട്ടതെന്നു മാവോയിസ്റ്റ് പുറത്തിറക്കിയ ലഘുലേഖയില്‍ പറയുന്നു.
വനമേഖലയില്‍ തന്നെ മൃതദേഹം സംസ്‌ക്കരിച്ചുവെന്നാണു പറയുന്നത്. മൃതദേഹം ബന്ധുക്കളെയോ വിപ്ലവ പ്രസ്ഥാന പ്രവര്‍ത്തകരെയോ കാണിക്കാതെ സംസ്‌ക്കരിക്കേണ്ടി വന്നതില്‍ സംഘടന ഖേദം പ്രകടിപ്പിക്കുന്നുണ്ട്. ലതയ്ക്ക് 1996 മുതല്‍ മാവോയിസ്റ്റ് പ്രസ്ഥാനവുമായി ലതക്ക് ബന്ധമുണ്ടെന്നാണ് പറയുന്നത്. മാവോയിസ്റ്റ് പ്രവര്‍ത്തകനായ പാണ്ടിക്കാട് സ്വദേശി മൊയ്തീനാണ് ലതയുടെ ഭര്‍ത്താവ്.
ഇങ്ങനെയൊരു അപകടത്തെക്കുറിച്ച് തങ്ങള്‍ക്കു യാതൊരു അറിവും ലഭിച്ചിട്ടില്ലെന്നാണ് പൊലീസും, വനപാലകരും പറയുന്നത്. മാവോയിസ്റ്റുകളുടെ ലഘുലേഖയെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.