കണ്ണന്താനത്തിന് ടൂറിസവും ഐടിയും ; മന്ത്രിസ്ഥാനം നല്‍കിയത് പ്രകടന മികവിന്റെ അടിസ്ഥാനത്തില്‍

കേന്ദ്ര മന്ത്രി സഭയില്‍ പുതുതായി ചുമതലയേറ്റ മലയാളിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ടൂറിസം ഐടി വകുപ്പുകളുടെ സ്വതന്ത്ര ചുമതല ലഭിച്ചു. മന്ത്രിസഭാ പുനഃസംഘടനയെന്ന വാര്‍ത്തകള്‍ പുറത്തുവന്ന ആദ്യസമയം മുതലെ ചര്‍ച്ചകളില്‍ ഉയര്‍ന്നു കേട്ട പേര് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റേതായിരുന്നു. പിന്നാലെ വി. മുരളീധരന്റെയും എല്ലാത്തവണത്തെ പോലെയും രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയുടെയും പേരുകളും സജീവമായി പറഞ്ഞുകേട്ടു. അതേസമയം കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ മന്ത്രിസ്ഥാനം നല്‍കിയത് ഓരോരുത്തരുടെയും പ്രകടന മികവിന്റെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു.

മന്ത്രിമാരുടെ പ്രകടനം സംബന്ധിച്ച് ഉന്നതമായ മാനദണ്ഡമാണ് പ്രധാനമന്ത്രി നിശ്ചയിച്ചിരുന്നത്. കൃത്യമായും സൂക്ഷ്മമായും ഓരോരുത്തരുടെയും പ്രകടനങ്ങള്‍ അദ്ദേഹം വിലയിരുത്തുകയും ചെയ്തിരുന്നു. വിഭാഗീയതയിലും അഴിമതി വിവാദങ്ങളിലും മുങ്ങിക്കുളിഞ്ഞ സംസ്ഥാന ബിജെപി നേതൃത്വത്തിനുളള താക്കീതാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായ ഒരു ബിജെപി നേതാവിനെ പോലും പരിഗണിക്കാതെ കണ്ണന്താനത്തിന് അവസരം നല്‍കാന്‍ കേന്ദ്രത്തിനെ നിര്‍ബന്ധമാക്കിയത്.