ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലേക്ക് താരങ്ങളുടെ ഒഴുക്ക്.

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സിനിമ മേഖലയില്‍ നിന്നും നിരവധി താരങ്ങളെത്തി. നടനും എം.എല്‍.എയുമായ കെ.ബി.ഗണേഷ് കുമാര്‍ ആലുവ സബ് ജയിലില്‍ എത്തി ദിലീപിനെ കണ്ടു. ഉച്ചക്ക് 12:20 ഓടെ ജയിലെത്തിയ ഗണേഷ്‌കുമാര്‍ ഇരുപത് മിനുട്ടോളം ദിലീപുമായി കൂടിക്കാഴ്ച നടത്തി.

തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, നടന്‍ സുധീര്‍, ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവരും രാവിലെ ദിലീപിനെ കണ്ടു.തിരുവേണ ദിനമായ തിങ്കളാഴ്ച നടന്‍ ജയറാമും ദിലീപിന്റെ സുഹൃത്ത് ശരത്തും സബ് ജയിലില്‍ എത്തിയിരുന്നു. സംവിധായകന്‍ രഞ്ജിത്, നടന്‍മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും അടുത്തടുത്ത ദിവസങ്ങളിലായി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.

അതെ സമയം അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ കോടതിയുടെ അനുമതി ലഭിച്ച് ദിലീപ് നാളെ പുറത്തിറങ്ങും.ചടങ്ങുകളില്‍ പങ്കെടുത്ത് ശേഷം ആലുവ സബ് ജയിലേക്കു ദിലീപിനെ കൊണ്ടുപോകും. ദിലീപിന്റ വീട്ടില്‍ നടക്കുന്ന ചടങ്ങുകളില്‍ രാവിലെ 7 മുതല്‍ 11 മണിവരെ പങ്കെടുക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.