ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെതിരെ ബംഗ്ലാദേശില്‍ കല്ലേറ്

ധാക്ക: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനു നേരെ ബംഗ്ലാദേശില്‍ കല്ലേറ്. കല്ലേറില്‍  ടീം സഞ്ചരിച്ച ബസിന്റെ ജനല്‍ചില്ല് തകര്‍ന്നു. ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ടെസ്റ്റ് മാച്ചിനുശേഷം ഹോട്ടലിലേക്ക് മടങ്ങവേയാണ് ടീം സഞ്ചരിച്ച ബസിനുനേരെ കല്ലേറുണ്ടായത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ബംഗ്ലാദേശിലെ ഉദ്യോഗസ്ഥരുമായി ടീമിന്റെ സുരക്ഷാ ചുമതലയുള്ളവര്‍ ചര്‍ച്ച നടത്തി. സുരക്ഷാ വീഴ്ച ഗൗരവമായാണ് കാണുന്നതെന്നും ക്രിക്കറ്റ് ടീമിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ സംതൃപ്തി രേഖപ്പെടുത്തി.

2006-നു ശേഷം ബംഗ്ലാദേശില്‍ പര്യടനം നടത്തുന്ന ഓസ്‌ട്രേലിയ ബംഗ്ലാദേശില്‍ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്ബരയ്ക്കിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്. നേരത്തെ 2015 ല്‍ രണ്ട് ടെസ്റ്റുകള്‍ ബംഗ്ലാദേശില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും അന്ന് നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് അവ റദ്ദാക്കിയിരുന്നു.