ശ്രാദ്ധ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ദിലീപ് ജയിലേക്കു മടങ്ങി

കൊച്ചി: അച്ഛന്റെ ശ്രാദ്ധ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി നടന്‍ ദിലീപ് വീണ്ടും ജയിലിലേക്ക്. നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോടതി അനുമതി ലഭിച്ചതോടെ ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. രാവിലെ ഏഴുമുതല്‍ ഉച്ചക്ക് 11വരെ സമയം നല്‍കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടതെങ്കിലും രാവിലെ രണ്ടുമണിക്കൂര്‍ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്.

കഴിഞ്ഞ 58 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമ മേഖലയില്‍ നിന്നുള്ള ആരും തന്നെ ചടങ്ങില്‍ പങ്കെടുക്കുന്നതിനൊ, ദിലീപിനെ കാണുവാനോ എത്തിയിരുന്നില്ല.

വന്‍ പൊലീസ് സന്നാഹത്തില്‍ കനത്ത സുരക്ഷയൊരുക്കിയാണ് ദിലീപിനെ വീട്ടിലേക്ക് കൊണ്ട് വന്നത്. ദിലീപിനെ വഹിച്ചുകൊണ്ടുള്ള വാഹനം മാത്രമാണ് വീട്ടിലേക്ക് കടത്തിവിട്ടത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ദിലീപിന്റെ വീട്ടിനുള്ളിലേക്ക് കടക്കാന്‍ അനുമതി നിഷേധിച്ചിരുന്നു. ജയിലിലേക്കുള്ള മടക്ക യാത്രയിലും കനത്ത സുരക്ഷ ഒരുക്കിയാണ് ദിലീപിനെ ജയിലേക്ക് കൊണ്ടുപോയത്.