മുംബൈ സ്ഫോടനക്കേസ്: രണ്ടു പേര്‍ക്ക് വധ ശിക്ഷ; അബുസലീമിനും, കരീമുള്ള ഖാനും ജീവ പര്യന്തം

മുംബൈ: 1993-ലെ മുംബൈ സ്‌ഫോടനപരമ്പരക്കേസില്‍ താഹിര്‍ മെര്‍ച്ചന്റിനും ഫിറോസ് ഖാനും വധശിക്ഷ. അധോലോക കുറ്റവാളി അബുസലിമിനും കരീമുള്ള ഖാനും ജീവപര്യന്തവും, റിയാസ് സിദ്ദീഖിക്ക് പത്തു വര്‍ഷം തടവും വിധിച്ചു. മുംബൈയില്‍ പ്രത്യേക ടാഡാ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

കേസിലെ ആറുപ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വാദം തുടരുന്നതിനിടയില്‍ മുസ്തഫ ദോസ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അബുസലിം, ഫിറോസ് ഖാന്‍, താഹിര്‍ മര്‍ച്ചന്റ്, കരിമുള്ള ഖാന്‍, റിയാസ് സിദ്ദിഖി എന്നിവര്‍ക്കുള്ള ശിക്ഷയാണ് കോടതി ഇപ്പോള്‍ വിധിച്ചത്. കേസിലെ മറ്റൊരു പ്രതിയായ അബ്ദുള്‍ ഖയ്യൂമിനെ കോടതി നേരത്തെതന്നെ വെറുതെ വിട്ടിരുന്നു.

അബുസലിമിനും റിയാസ് സിദ്ദിഖിക്കും ജീവപര്യന്തം തടവും ബാക്കി നാലുപ്രതികള്‍ക്ക് വധശിക്ഷയും നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. പോര്‍ച്ചുഗലില്‍വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട അബുസലിമിനെ വധശിക്ഷ നല്‍കില്ലെന്ന ഉപാധിയിലാണ് പോര്‍ച്ചുഗല്‍ കോടതി ഇന്ത്യയ്ക്ക് കൈമാറിയത്.

1993-ല്‍ മുംബൈയിലെ 12 പ്രധാന ഇടങ്ങളില്‍ രണ്ട് മണിക്കൂറിനിടയില്‍ ഉണ്ടായ ബോംബ് സ്‌ഫോടനപരമ്പരയില്‍ 257 പേര്‍ മരിക്കുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളെന്ന് കണ്ടെത്തിയ യാക്കൂബ് മേമനെ രണ്ടുവര്‍ഷംമുമ്പ് തൂക്കിലേറ്റിയിരുന്നു.