മധ്യപ്രദേശില്‍ കേന്ദ്രമന്ത്രിയുടെ സ്വീകരണത്തിനിടെ ബി ജെ പി എംഎല്‍എയുടെ പോക്കറ്റടിച്ചു

മധ്യപ്രദേശിലാണ് സംഭവം കേന്ദ്രമന്ത്രിയുടെ സ്വീകരണത്തിനിടെയാണ് കള്ളന്മാര്‍ ബി ജെ പി എംഎല്‍എയുടെ പോക്കറ്റടിച്ചത്. സാഗര്‍ സിറ്റി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയ ശൈലേന്ദ്ര ജെയ്‌നാണ് വിവിഐപികളുടെയും പോലീസുകാരുടെയും സുരക്ഷയ്ക്കുള്ളില്‍ നില്‍ക്കെ പോക്കറ്റടിക്ക് വിധേയനായത്. കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ വിരേന്ദ്രകുമാറിന് സ്വീകരണം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ശേലേന്ദ്ര ജെയ്‌നിന് ഈ ദുര്യോഗമുണ്ടായത്. 15,000 രൂപയാണ് എം എല്‍ എയ്ക്ക് നഷ്ടമായത്.

എന്നാല്‍ പണം മാത്രമല്ല പണത്തിന് പുറമെ മധ്യപ്രദേശ് വിധാന്‍ സഭ തിരിച്ചറിയല്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എടിഎം കാര്‍ഡ് എന്നിവയും നിര്‍ണായക വിവരങ്ങളും കള്ളന്‍ കൂടെ കൊണ്ട് പോയി. എന്നാല്‍ കാശ് പോയാലും പ്രശ്നമില്ല അതിലെ വിലപ്പെട്ട രേഖകള്‍ തിരിച്ചുകിട്ടിയാല്‍ മതിയെന്ന നിലപാടിലാണ് എംഎല്‍എ. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.