മുരുകന്‍ മരിക്കാനിടയായ സംഭവം; ഡോക്ടര്‍മാരെ ഉടന്‍ അറസ്റ്റ് ചെയ്യും, ഡോക്ടര്‍മാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിക്കാനിടയായ സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യത. ഡോക്ടര്‍മാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു.

മുരുകന്റെ മരണത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ആരോഗ്യ വകുപ്പും കണ്ടെത്തിയിരുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗിയെകൊണ്ടു വരുമ്പോഴുള്ള നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് ഡയക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം കണ്ടെത്തിയിരിക്കുന്നത്.

ഡോക്ടര്‍മാരെ ഇന്നലെ കൊല്ലത്ത് വെച്ച് കമ്മീഷണറുടെ നേതൃത്വത്തില്‍ വീണ്ടും ചോദ്യം ചെയ്തിരുന്നു. ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യുന്നതിന് വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് വേണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശമുണ്ട്.

ഈ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വിദഗ്ദ്ധ റിപ്പോര്‍ട്ടായി പരിഗണിക്കാനാണ് പോലീസ് ആലോചന. അതേ സമയം ഡോക്ടര്‍മാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ ഹൈക്കോടതി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടു.