മൊബൈല്‍ വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ചോര്‍ത്തും; ക്‌സാഫെകോപ്പി ട്രോജന്‍ മാള്‍വെയര്‍ ഇന്ത്യയില്‍ സജീവം
മൊബൈല്‍ ഫോണുകളെ ബാധിക്കുന്ന പുതിയ തരം മാള്‍വെയര്‍ ഇന്ത്യയില്‍ വ്യാപകമായി പടരുന്നതായി റിപ്പോര്‍ട്ടുകള്‍. സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്‌പെര്‍സ്‌കിയുടേതാണ് ഈ റിപ്പോര്‍ട്ട്.
ക്‌സാഫെകോപ്പി ട്രോജന്‍ എന്ന മാള്‍വെയര്‍ ഇന്ത്യയില്‍ പ്രചരിക്കുന്നുവെന്നാണ് കാസ്‌പെരസ്‌കി റിപ്പോര്‍ട്ടില്‍ പറയുന്നത്. മൊബൈല്‍ ഉപഭോക്താവറിയാതെ അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കരസ്ഥമാക്കി പണം തട്ടുന്ന മാള്‍വെയറാണ് ക്‌സാഫെകോപ്പി ട്രോജന്‍. ഇന്ത്യയിലെ നിരവധി സ്മാര്‍ട്ട് ഫോണുകളില്‍ ഈ മാള്‍വെയറിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളതായി കാസ്‌പെരസ്‌കി പറയുന്നു.
ബാറ്ററി മാസ്റ്റര്‍ എന്ന ആപ്പിനെപ്പോലെയാണ് ഇത് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുന്നത്. സാധാരണ ആപ്പുകളെപ്പോലെയാണ് ഇവ പെരുമാറുക. എന്നാല്‍ മാള്‍വെയര്‍ കോഡുകള്‍ ഈ ആപ്പില്‍ രഹസ്യമായി ചേര്‍ത്തിട്ടുണ്ട്. അതിനാല്‍ തന്നെ ഇവയുടെ പ്രവര്‍ത്തനം കണ്ടെത്തുക എളുപ്പമല്ല.
വാപ്പ് ( WAP ) അധിഷ്ഠിത സാമ്പത്തിക ഇടപാടുകളെയാണ് ഈ മാള്‍വെയര്‍ ലക്ഷ്യം വെയ്ക്കുന്നത്. ക്‌സാഫെകോപ്പി ട്രോജന്‍ ( Xafecopy Trojan ) ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടാല്‍ വിവിധ സേവനങ്ങള്‍ നല്‍കുന്ന വെബ്‌പേജുകളില്‍ ഫോണ്‍ ഉപയോക്താവറിയാതെ ക്ലിക്ക് ചെയ്യുകയും അതിന്റെ പണം മൊബൈല്‍ വഴി നല്‍കുകയും ചെയ്യും.
ഇത്തരത്തില്‍ നിരവധി സേവനങ്ങള്‍ ക്‌സാഫെകോപ്പി ട്രോജന്‍ ഉപയോക്താവറിയാതെ വരിക്കാരനാക്കുകയും ചെയ്യും. അതിനാല്‍ മൊബൈല്‍ സേവനദാതാക്കള്‍ ഉപഭോക്താവിന് കൂടുതല്‍ തുക ബില്ലില്‍ ഈടാക്കുന്ന സ്ഥിതിയുമുണ്ടാകും.
മൊബൈല്‍ ഫോണില്‍ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളോ ഓണ്‍ലൈന്‍ ബാങ്കിങ് വിവരങ്ങളോ സൂക്ഷിക്കാത്തവര്‍ക്കും ക്‌സാഫെകോപ്പി ട്രോജന്‍ തലവേദനയായി തീരും. ഇന്ത്യയുള്‍പ്പെടെ ഏതാണ്ട് 47 രാജ്യങ്ങളില്‍ ഈ അപകടകാരിയുടെ സാന്നിധ്യം നിലവിലുണ്ട്.
പലവിധ സേവനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉടമയെ വരിക്കാരനാക്കുമെങ്കിലും അത് ഉടമ അറിയാതിരിക്കാന്‍ ഫോണിലേക്ക് സന്ദേശങ്ങള്‍ വരുന്നത് ഈ മാള്‍വെയര്‍ തടയുകയും ചെയ്യും. മാത്രമല്ല ഉപയോക്താവിന്റെ പണം തട്ടിയത് മൊബൈല്‍ സേവന ദാതാക്കള്‍ അറിയാതിരിക്കാനുള്ള വഴികളും മാള്‍വെയര്‍ ചെയ്യും.



