പാവം മാര്‍ട്ടിനെസ് ; കടലില്‍ ഒന്ന് മുങ്ങിപ്പൊങ്ങിയപ്പോഴേക്കും ശരീരം ബലൂണ്‍ പോലെയായി
അയ്യോ..! പാവം.. കഷ്ട്ടം തന്നെ..പെറുവിലെ ഈ മല്‍സ്യബന്ധനത്തൊഴിലാളിയെ കാണുന്നവരെല്ലാം ഇപ്പോള്‍ ഇങ്ങനെയാണ് പറയുന്നത്.ജോലിയുടെ ഭാഗമായി കടലില്‍ മുങ്ങി പൊങ്ങിയപ്പോഴേക്കും അലജാന്‍ഡ്രോ റമോസ് മാര്‍ട്ടിനെസിന്റെ ജീവിതം തന്നെ മാറിപ്പോയി. സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്ന് സമുദ്രജീവികളെ ശേഖരിക്കുന്നതാണ് മാര്‍ട്ടിനെസിന്റെ തൊഴില്‍. കഴിഞ്ഞ ദിവസം പതിവുപോലെ സമുദ്രത്തിലെ ആഴമേറിയ ഭാഗങ്ങളിലൊരിടത്ത് മുങ്ങിയതായിരുന്നു ഇദ്ദേഹം.
എന്തുകൊണ്ടോ വളരെപെട്ടന്ന് അദ്ദേഹം കടലാഴങ്ങളില്‍നിന്ന് തിരിച്ച് മുകളിലേക്കുപൊന്തി വന്നു. ഡൈവര്‍മാരുടെ ജീവന്‍പോലും നഷ്ടമായേക്കാവുന്ന പിഴവാണ് ഇങ്ങനെ പെട്ടന്നുള്ള തിരിച്ചുകയറ്റമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ജീവന്‍ നഷ്ടമായില്ലെങ്കിലും വെള്ളത്തില്‍ നിന്ന് തിരിച്ചുകയറിയ റമോസു കണ്ടത് തന്റെ ശരീരം വീര്‍ത്ത് പെരുകി വികൃതമായിരിക്കുന്നതാണ്. ശരീരത്തില്‍ നെഞ്ചിലും കൈകളിലും ബലൂണ്‍ വീര്‍പ്പിച്ചപോലെ കുമിളകള്‍ പൊങ്ങിവന്നു. വയറിന്റെ ഭാഗവും വീര്‍ത്ത അവസ്ഥയിലാണ്. ഡീ കംപ്രഷന്‍ സിക്നസ് അല്ലെങ്കില്‍ ബെന്‍ഡ്സ് എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്.
പെട്ടന്ന് അടിത്തട്ടില്‍നിന്ന് പൊങ്ങിയപ്പോള്‍ ഇദ്ദേഹത്തിന്റെ രക്തത്തില്‍ നൈട്രജന്റെ അംശം കലര്‍ന്നതാണ് ശരീരം ഇങ്ങനെയാകാന്‍ കാരണമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. നൈട്രജന്‍ രക്തത്തില്‍ കലരുന്ന ഇത്തരം ഒരു അനുഭവം അവര്‍ക്കു പുതിയതാണ്. റമോസിനെ പഴയപോലെയാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഡോക്ടര്‍മാര്‍. തുടര്‍ച്ചയായ ചികില്‍സയുടെ ഭാഗമായി ശരീരത്തില്‍നിന്ന് 30 ശതമാനം നൈട്രജന്‍ പുറത്തു കളയാന്‍ കഴിഞ്ഞു. ശേഷിക്കുന്നവകൂടി എത്രയും വേഗം പുറത്ത് കളയാനാകും എന്ന വിശ്വാസത്തിലാണ് ഡോക്ടര്‍മാരും മാര്‍ട്ടിനെസും.
റമോസ് ഇപ്പോഴും ജീവിച്ചിരിക്കുന്നതു തന്നെ ഭാഗ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഉയര്‍ന്ന മര്‍ദമുള്ള സംവിധാനത്തില്‍ ഓക്സിജന്‍ ട്രീറ്റ്മെന്റാണ് റമോസിന് ഇപ്പോള്‍ നല്‍കുന്നത്. കടുത്ത ശരീര വേദനയോടെയാണ് റമോസ് ദിവസങ്ങള്‍ തള്ളിവിടുന്നത്. നടക്കാനും ബുദ്ധിമുട്ടുണ്ട്.



