മൊബൈല്‍ ഫോണും, മദ്യവും വാങ്ങാന്‍ മകനെ 23000 രൂപക്ക് വിറ്റ അച്ഛന് പോലീസ് പിടിയില്‍
ഭുവനേശ്വര്‍: മകനെ വിറ്റ് മൊബൈല്‍ ഫോണ്‍ വാങ്ങിയ അച്ഛന് പോലീസ് പിടിയില്‍. പതിനൊന്ന് മാസം പ്രായമുള്ള മകനെയാണ് ഓഡീഷയിലെ ഭദ്രക് സ്വദേശി ബല്‍റാം മുഖി വിറ്റത്. 23,000 രൂപയ്ക്കാണ് ഇയാള്‍ മകനെ വിറ്റത്. മകനെ വിറ്റതിലൂടെ ലഭിച്ച തുകയില്‍ നിന്ന് 2000 രൂപയ്ക്ക് ഇയാള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി. 1500 രൂപ വിലയുള്ള വെള്ളികൊലുസും ഇയാള്‍ മകള്‍ക്ക് വേണ്ടി വാങ്ങി നല്കി. പിന്നീടുണ്ടായിരുന്ന ബാക്കി തുകയില്‍ കുറച്ചെടുത്ത് മുഖി മദ്യവും വാങ്ങി.
മകന് മരിച്ച വൃദ്ധ ദമ്പതികള്‍ക്കാണ് മുഖി മകനെ വിറ്റത്. സര്‍ക്കാര്‍ ഡ്രൈവറായി വിരമിച്ച സോംനാഥ് സേതി എന്നയാളും ഇയാളുടെ ഭാര്യയുമാണ് മുഖിയുടെ മകനെ വാങ്ങിയത്. സോംനാഥിന്റെ ഏകമകന് 2012ല്‍ മരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇവര്‍ മുഖിയുടെ പതിനൊന്ന് മാസം പ്രായമുള്ള കുട്ടിയെ വിലയ്ക്ക് വാങ്ങിയത്
ഇയാള്‍ സ്ഥിരവരുമാനമില്ലാത്ത ആളാണെന്നും, താല്ക്കാലികമായ തൂപ്പുജോലിക്ക് ഇയാള്‍ പോയിരുന്നുവെന്നും പോലീസ് പറയുന്നു. പണം കണ്ടെത്തുന്നതിന് കുട്ടിയെ വില്ക്കാന് ഇയാളുടെ ബന്ധുക്കളും കൂട്ടുനിന്നുവെന്നാണ് സൂചന.