ട്രെയിനില്‍ നിന്നും കായലിലേക്ക് വീണ വിദ്യാര്‍ത്ഥിനിക്ക് അത്ഭുത രക്ഷപ്പെടല്‍;തുണയായത് മത്സ്യത്തൊഴിലാളികളുടെ സാഹസിക ഇടപെടല്‍

കൊല്ലം ഓടുന്ന ട്രെയിനില്‍നിന്നു കായലിലേക്കു തെന്നിവീണ വിദ്യാര്‍ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. പരവൂര്‍ മാമൂട്ടില്‍ പാലത്തിലൂടെ കടന്നു പോകവെ കായലിലേക്കു വീണ തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥിനിയെ കായലില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് സാഹസികമായി രക്ഷപെടുത്തിയത്.

കൊല്ലം-കന്യാകുമാരി മെമുവില്‍ യാത്ര ചെയ്തിരുന്ന കൊല്ലത്തെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി രാവിലെ 9.45 ഓടെയാണ് അപകടത്തില്‍പ്പെട്ടത്. പനിബാധിതയായതിനാല്‍ കോളജില്‍നിന്നു തിരുവനന്തപുരത്തെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. കൈകകഴുകാന്‍ വേണ്ടി വാഷ്‌ബെയ്‌സന് അടുത്തേക്കു നടക്കുമ്പോള്‍ മാമൂട്ടില്‍ പാലത്തില്‍ കയറിയ ട്രെയിന്‍ ഒന്ന് ഉലഞ്ഞു. അപ്പോള്‍ ബാലന്‍സ് നഷ്ട്ടമായ വിദ്യാര്‍ത്ഥിനി തെന്നി ട്രെയിനില്‍ നിന്നു പരവൂര്‍ കായലിലേക്കു വീഴുകയായിരുന്നു.

പാലത്തിന്റെ മറുകരയില്‍ നിന്ന ഒരാള്‍ വിദ്യാര്‍ഥിനി വീഴുന്നത് കാണുകയും ഒച്ച വെച്ച് ആളെകൂട്ടുകയുമായിരുന്നു. കായലില്‍ ഈ സമയം മീന്‍പിടുത്തത്തില്‍ ഏര്‍പെട്ടിരുന്ന തൊഴിലാളികള്‍ പെട്ടന്ന് തന്നെ അപകടം നടന്ന പാലത്തിനടുത്തേക്കു വള്ളത്തില്‍ കുതിച്ചെത്തി. പിന്നീട് നടത്തിയ തെരച്ചലില്‍ വിദ്യാര്‍ഥിനിയെ രക്ഷിച്ച് നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. വിദ്യാര്‍ഥിനിക്കു കാര്യമായ പരുക്കുകള്‍ ഒന്നുമില്ല.