ഗൗരി ലങ്കേഷിനേയും കല്‍ബുര്‍ഗിയേയും വധിച്ചത് ഒരേ തോക്കു കൊണ്ടെന്ന് സൂചന; കൊലപാതകത്തിന് പിന്നിലും ഒരേ സംഘമാകാമെന്നു പോലീസ്

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച തോക്കും തിരകളും രണ്ടു വര്‍ഷം മുന്‍പ് എം.എം കല്‍ബുര്‍ഗിയെ വധിക്കാന്‍ ഉപയോഗിച്ചതിന് സമാനമാണെന്ന് പോലീസ്. പ്രാദേശികമായി നിര്‍മിച്ച 7.65 എം.എം പിസ്റ്റള്‍ ആണ് രണ്ട് കൊലപാതകങ്ങള്‍ക്കും ഉപയോഗിച്ചിരിക്കുന്നതെന്ന് പ്രാഥമിക പരിശോധനയില്‍ മനസ്സിലാക്കിയതായി പ്രത്യേക അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അക്രമിയുടെ വെടിയേറ്റ് മരിച്ച ഗൗരി ലങ്കേഷിന്റെ ഹൃദയത്തില്‍ന്നും ശ്വാസകോശത്തില്‍നിന്നുമായി
മൂന്നു വെടിയുണ്ടകളാണ് കണ്ടെടുത്തത്. നാല് ഒഴിഞ്ഞ തിരകള്‍ സംഭവസ്ഥലത്തുനിന്ന് ലഭിച്ചെങ്കിലും നാലാമത്തെ വെടിയുണ്ട കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ നാലാമത്തെ വെടിയുണ്ടയും സംഭവസ്ഥലത്തുനിന്ന് അന്വഷണ സംഘത്തിന് ലഭിച്ചു.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി സമാനതകളുണ്ടെന്ന് നേരത്തെ അന്വഷണ സംഘം സംശയിച്ചിരുന്നു. സെപ്തംബര്‍ അഞ്ചിന് രാത്രി എട്ട് മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലെത്തി ഗെയ്റ്റ് തുറക്കുന്നതിനിടയിലാണ് അക്രമികള്‍ ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ത്തത്.
കല്‍ബുര്‍ഗിയുടെ വധവും ഇതിന് സമാനമായിരുന്നു. 2015 ഓഗസ്റ്റ് 30ന് ധാര്‍വാഡിലെ വീട്ടിലെത്തിയ കൊലയാളി കോളിങ് ബെല്‍ അടിക്കുകയും വാതില്‍ തുറന്ന കല്‍ബുര്‍ഗിയെ വെടിവെച്ചു വീഴ്ത്തുകയുമായിരുന്നു.

രണ്ടു കൊലപാതകങ്ങളും തമ്മിലുള്ള സമാനത സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍നിന്നാണ് ഒരേ തരത്തിലുള്ള തോക്കുതന്നെയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് അന്വഷണ സംഘത്തിന് വ്യക്തമായത്. ഒരേ സംഘം തന്നെയാണ് രണ്ട് കൊലപാതകങ്ങളുടെ പിന്നിലും പ്രവര്‍ത്തിച്ചതെന്ന സംശയം ബലപ്പെടുത്തുന്നതാണ് കൊലപാതകങ്ങള്‍ തമ്മിലുള്ള സാമ്യമെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.