ലഹങ്കയ്ക്ക് നീളം കുറഞ്ഞു; വിവാഹ ദിവസമേറ്റ മാനഹാനിക്ക് അവള്‍ കണക്കു പറഞ്ഞ് പ്രതികാരം ചെയ്തു
സ്വാഭാവികമായും വരനേക്കാളേറെ വധുവിനായിരിക്കുമല്ലോ വിവാഹ വസ്ത്രത്തിനുള്ള ഒരുക്കങ്ങള്‍ കൂടുതല്‍ ഉണ്ടാവുക. അങ്ങനെ ഒരുങ്ങിയുടുക്കേണ്ട വസ്ത്രം നമ്മള്‍ ഉദ്ദേശിച്ച പോലെ തയ്ച്ചു കിട്ടിയില്ലെങ്കില്‍ ആകെ അങ്കലാപ്പിലാകും. അതും പോരാഞ്ഞിട്ട് കളിയാക്കല്‍ കൂടി കേള്‍ക്കേണ്ടി വന്നാലോ?
അങ്ങനെ ഒരു സംഭവമുണ്ടായി അതിനവള്‍ കണക്കു തീര്‍ക്കുകയും ചെയ്തു. ഈ സ്ത്രീ തനിക്കുണ്ടായ മാനഹാനിക്കും യഥാവിധം തയ്ച്ചു കിട്ടാത്തതിനും കോടതിയെ സമീപിക്കുകയും നീണ്ട കാത്തിരിപ്പിനൊടുവില്‍ അനുകൂലമായ വിധി വരികയും ചെയ്തിരിക്കുകയാണ്. ഡല്‍ഹിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത് അതും 8 വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഏറെ കാത്തിരുന്ന് വിവിവാഹ ദിനത്തില്‍ ഇടാന്‍ കൊതിച്ച വസ്ത്രമായ ലെഹങ്ക തയ്പ്പിച്ചു കയ്യില്‍ കിട്ടിയപ്പോള്‍ നീളം ഇല്ല.
വിവാഹത്തിന് രണ്ടു ദിവസം മുമ്പായിരുന്നു തയ്പ്പിച്ചു കിട്ടിയത്. തിരിച്ചു ഡിസൈനറെ സമീപിക്കുകയും വസ്ത്രത്തിലെ അബദ്ധം ചൂണ്ടിക്കാട്ടുകയും ചെയ്തതോടെ വസ്ത്രം ശരിയാക്കിത്തരം എന്ന ഉറപ്പ് ഡിസൈനര്‍ സ്റ്റുഡിയോ അവര്‍ക്ക് നല്‍കി. എന്നാല്‍ വീണ്ടും തയ്പ്പിച്ചു കിട്ടിയ വസ്ത്രത്തിന്റെ അവസ്ഥ വ്യത്യസ്തമായിരുന്നില്ല.
നീളക്കുറവ് പോരായ്മ തന്നെയായി അപ്പോഴും മുഴച്ചു നിന്നു. കല്യാണപ്പന്തലില്‍ ഈ വസ്ത്രവും ധരിച്ചെത്തിയ അവളെ എല്ലാവരും കളിയാക്കാന്‍ തുടങ്ങി.വസ്ത്രം തയ്ച്ചതില്‍ ഉണ്ടായ ഈ അപാകത കാരണം വന്ന മാനഹാനിക്ക് അങ്ങനെ അവള്‍ ഡിസൈനര്‍ സ്റ്റുഡിയോക്കെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കി.
ലെഹങ്കയുടെ വിലയായ 64,000 രൂപ നഷ്ടപരിഹാരമായി തിരിച്ചു നല്‍കാന്‍ കോടതി അങ്ങനെ വിധിക്കുകയും ചെയ്തു. 8 വര്‍ഷം മുമ്പത്തെ വില തന്നെയാണ് കോടതി നിശ്ചയിച്ചത്. ഒപ്പം മാനഹാനിക്ക് 50000 രൂപ അധികം നല്‍കാനും വിധിയായി.



