നാദിര്‍ഷായുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംവിധായകനും നടനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ഈ മാസം 25 നായിരിക്കും ഇനി അപേക്ഷ പരിഗണിക്കുക. ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ ഡി.ജി.പിക്ക് കോടതി നിര്‍ദേശം നല്‍കി. നാദിര്‍ഷായെ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടോയെന്ന കാര്യം ഉടന്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന നാദിര്‍ ഷായോട് രണ്ടാം ഘട്ട ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിരിന്നു. അറസ്റ്റു ചെയ്യുമെന്നു പോലീസ് ഭീഷണിപ്പെടുത്തുകയാണ്. കടുത്ത സമ്മര്‍ദം നേരിടാന്‍ കഴിയുന്നില്ല. മണിക്കൂറുകളോളം താന്‍ ചോദ്യം ചെയ്യലിനു വിധേയനായതാണ്. കേസുമായി എല്ലാ തരത്തിലും സഹകരിച്ചെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞതാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ നാദിര്‍ ഷാ ചൂണ്ടി കാണിച്ചിരുന്നു.