ബിജെപിയുടെ ശക്തി വര്‍ധിക്കാന്‍ അമിത് ഷായുടെ ഭാര്യ ശ്രീ പത്മനാഭസ്വാമി ക്ഷേത്ര സന്ദര്‍ശനം നടത്തി

തിരുവനന്തപുരം: ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഭാര്യ, സോനാല്‍ ഷാ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ക്ഷേത്രങ്ങളില്‍ തീര്‍ഥാടനത്തിനെത്തി. ശ്രീപത്മനാഭസ്വാമി ക്ഷേത്രദര്‍ശനത്തോടെയാണു സോനാല്‍ ഷായുടെ നേതൃത്വത്തിലുള്ള തീര്‍ത്ഥാടന സംഘം യാത്രക്ക് തുടക്കമിട്ടത്. അടുത്ത ബന്ധുക്കള്‍ മാത്രമുള്ള 60 അംഗ സംഘം ഗുജറാത്തില്‍ നിന്നാണ് യാത്രക്ക് ആരംഭിച്ചത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തെക്കേ ഇന്ത്യയില്‍ പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഭാര്യ സോനാല്‍ ഷായുടെ തീര്‍ഥയാത്ര.

കാര്യമായ സുരക്ഷാ സന്നാഹങ്ങളില്ലാതെ രാവിലെ ഏഴിനു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ അവര്‍ ഒന്നരമണിക്കൂറിലേറെ ഇവിടെ ചെലവിട്ടു. ശ്രീകോവിലില്‍ പൂജിച്ച താമരപ്പൂക്കള്‍ പ്രസാദമായി ഏറ്റുവാങ്ങി. സന്ദര്‍ശനത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഭര്‍ത്താവിനോടു ചോദിക്കാതെ ഒന്നും പറയില്ലെന്നായിരുന്നു സോനാല്‍ ഷായുടെ മറുപടി. കേരളത്തിലെയും തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയാണു ലക്ഷ്യം.