ദാഹിച്ച് തൊണ്ട പൊട്ടി ഒരു കുപ്പി വെള്ളം ചോദിച്ചപ്പോള്‍ വില 65 ലക്ഷം; നിങ്ങളാണെങ്കില്‍ എന്ത് ചെയ്യും
ഈ കുപ്പി വെള്ളത്തിന്റെ വില കേട്ടാല്‍ ആരായുടെയും തൊണ്ട വറ്റി വരളും കാരണം നമ്മുടെ പോക്കറ്റിന് താങ്ങുന്ന നിസാര വിലയല്ല ഈ വെള്ളത്തിനും കുപ്പിക്കുമുള്ളത്. കയ്യില്‍ 65 ലക്ഷം രൂപയുണ്ടെങ്കില്‍ ഈ വിലകൂടിയ വെള്ളം ഒരുകുപ്പിവാങ്ങി കുടിച്ച് സംതൃപ്തിയടയാം. അവശ്വസനീയമായ വിലയുള്ള ഈ കുപ്പിവെള്ളം ഇന്ത്യയിലേക്കും എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത.
ബവേര്‍ലി ഹില്‍സിന്റെ ലക്ഷ്വറി കളക്ഷന്റെ ഭാഗമായ ഡയമണ്ട് എഡിഷന്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നതിനാലാണ് ഈ കുപ്പിക്കും വെള്ളത്തിനും ഇത്രയും വില. വൈറ്റ് ഗോള്‍ഡില്‍ നിര്‍മിച്ചിരിക്കുന്ന കുപ്പിയുടെ മൂടിയില്‍ 14 കാരറ്റുള്ള 250 ബ്ലാക്ക് ഡയമണ്ടുകള്‍കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. പ്രത്യേകം നിര്‍മിച്ച സ്ഫടിക പാനപാത്രം വ്യത്യസ്ത രീതിയില്‍ ഡിസൈന്‍ചെയ്ത കെയ്സുകളിലാണ് വില്പനയ്ക്കെത്തുക.
ആഗോളതലത്തിലുള്ള വിപണനം ലക്ഷ്യമിട്ടാണ് ഇന്ത്യ ഉള്‍പ്പടെയുള്ള 18 രാജ്യങ്ങളിലേയ്ക്ക് കുടിവെള്ളം എത്തിക്കുന്നത്.സതേണ്‍ കാലിഫോര്‍ണിയയിലെ 5000 അടി ഉയരമുള്ള ബവേര്‍ലി ഹില്‍സില്‍നിന്ന് ശേഖരിച്ച സ്പ്രിങ് വാട്ടറാണ് 90H2O എന്ന പേരില്‍ രാജ്യത്തെത്തുന്നത്.
മാധുര്യമേറിയതും സാന്ദ്രത കുറഞ്ഞതും പ്രകൃതിദത്തമായി ആല്‍ക്കലൈന്‍, ഇലക്ട്രോലൈറ്റ്, മിനറല്‍സ് എന്നിവ അടങ്ങിയതുമാണ് ലോകത്ത് ഏറ്റവും വിശിഷ്ടമായ ഈ വെള്ളം.
ഇത്രയും തുക മുടക്കി ആ വെള്ളം കുടിക്കാന്‍ ഞങ്ങളെക്കൊണ്ടാവില്ല എന്ന് നിരാശപ്പെടാന്‍ വരട്ടെ. വിവിധ വിലകളില്‍ രണ്ട് വിഭാഗങ്ങളിലായും ബിവേര്‍ലി ഹില്‍സ് ഡ്രിങ്ക് കമ്പനി കുപ്പിവെള്ളം വിതരണം ചെയ്യുന്നുണ്ട്. ബവേര്‍ലി ഹില്‍സ് 90H2O ലക്ഷ്വറി കളക്ഷനില്‍ ഒരു ലിറ്റര്‍, 500 എം.എല്‍ എന്നിങ്ങനെ അളവിലും വെള്ളം ലഭിക്കും. ആഢംബര ഹോട്ടലുകള്‍, നിശാക്ലബുകള്‍, ലക്ഷ്വറി ഗിഫ്റ്റ് മാര്‍ക്കറ്റ് തുടങ്ങിയവയെ ലക്ഷ്യമിട്ടാണ് 12 ഡോളര്‍(800 രൂപ)വിലവരുന്ന ഈ സീരീസ് പുറത്തിറക്കിയിട്ടുള്ളത്.
ഇനി അതുമല്ലെങ്കില്‍ 100 രൂപയ്ക്കും അരലിറ്റര്‍ വെള്ളം വാങ്ങാം. ബവേര്‍ലി ഹില്‍സ് 90H2O ലൈഫ്സ്‌റ്റൈല്‍ കളക്ഷനിലുള്ള ഈ സീരീസ്; ഹോട്ടല്‍, കോഫി ഷോപ്പ്, സ്പാ തുടങ്ങിയ ഇടങ്ങളെയാണ് ലക്ഷ്യമിടുന്നത്. 2018 മധ്യത്തോടെയാകും ഇന്ത്യന്‍ വിപണിയില്‍ ഈ അതിവിശിഷ്ട കുടിവെള്ളം എത്തുക.