മേക്ക് ഇന്‍ ഇന്ത്യക്ക് തിരിച്ചടി ; യുദ്ധവിമാനങ്ങളുടെ സാങ്കേതികവിദ്യ കൈമാറില്ലെന്നു അമേരിക്കന്‍ വിമാനകമ്പനികള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നായ മേക് ഇന്‍ ഇന്ത്യക്ക് തിരിച്ചടി. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ നിര്‍മിക്കുന്ന യുദ്ധവിമാനങ്ങളുടെ സാങ്കേതികവിദ്യ കൈമാറില്ലെന്നും നിര്‍മ്മാണത്തിലുണ്ടാകുന്ന പിഴവുകളുടെ ബാധ്യത ഏറ്റെടുക്കില്ലെന്നും അമേരിക്കന്‍ കമ്പനികള്‍ അറിയിച്ചതാണ് ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായത്. ഇതുസംബന്ധിച്ച ഉറപ്പ് ഇന്ത്യയില്‍നിന്ന് ലഭിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. പ്രതിരോധ മന്ത്രിക്ക് ഇന്ത്യാ- യുഎസ് ബിസിനസ് കൗണ്‍സില്‍ അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. സാങ്കേതികവിദ്യ കൈമാറില്ലെന്നും ബാധ്യത ഏറ്റെടുക്കില്ലെന്നുമുള്ള അമേരിക്കന്‍ കമ്പനികളുടെ നിലപാട് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ നിറം കെടുത്തും.

ഇന്ത്യന്‍ കമ്പനികള്‍ക്ക് വിമാനം നിര്‍മിച്ചോ വിമാന ഭാഗങ്ങള്‍ നിര്‍മിച്ചോ പരിചയമില്ല എന്നതാണ് ബാധ്യത ഏറ്റെടുക്കില്ലെന്ന അമേരിക്കന്‍ കമ്പനികളുടെ നിലപാടിനു കാരണമെന്ന് വിവരങ്ങള്‍ സൂചിപ്പിക്കുന്നു.ഇന്ത്യയില്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് മാത്രമാണ് യുദ്ധവിമാനം നിര്‍മിച്ചിട്ടുള്ളത്. അതേസമയം ലോകത്തെവിടെയും ഒരുപരിചയവുമില്ലാത്ത കമ്പനികളുമായി ചേര്‍ന്ന് സാങ്കേതികവിദ്യ കൈമാറ്റം നടത്തി വിമാനം നിര്‍മിച്ച ചരിത്രമില്ലെന്ന് ബോയിങ് ഇന്ത്യ പറയുന്നു. അമേരിക്കന്‍ കമ്പനികളായ ലോക്ഹീഡ് മാര്‍ട്ടിന്‍, ബോയിങ് കമ്പനികളാണ് ഇന്ത്യയില്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാമെന്ന് സമ്മതിച്ചിരുന്നത്. ടെക്സാസിലെ എഫ് 16 യുദ്ധവിമാനങ്ങളുടെ നിര്‍മാണ ശാല ഇന്ത്യയിലേക്ക് മാറ്റാമെന്ന് ലോക്ഹീഡ് മാര്‍ട്ടിന്‍ സമ്മതിച്ചിരുന്നു. പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയമായാണ് ഇതിനെ കണക്കാക്കിയിരുന്നത്.

സോവിയറ്റ് കാലത്തെ മിഗ് വിമാനങ്ങള്‍ മാറ്റി പുതിയ യുദ്ധവിമാനങ്ങള്‍ സേനയുടെ ഭാഗമാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നില്‍. തദ്ദേശീയമായി യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുക എന്ന നയം വളരെക്കാലമായി പൂര്‍ണമാകാതിരുന്നതും വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്. പ്രാദേശിക കമ്പനികളുമായുള്ള പങ്കാളിത്തത്തോടെ ഇന്ത്യയ്ക്കാവശ്യമായ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാനാണ് അമേരിക്കന്‍ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.