രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അമ്പതിനായിരം കോടി മുടക്കുന്നു
ന്യൂഡല്‍ഹി : രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന മാന്ദ്യത്തെ നേരിടുന്നതിനുവേണ്ടി അമ്പതിനായിരം കോടി ചെലവഴിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ധന കമ്മി ലഘൂകരിക്കുന്നതിനാണ് 2018 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക ഉത്തേജന പദ്ധതി നടപ്പാക്കുവാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക വളര്‍ച്ച മൂന്നുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്ക് കൂപ്പുകുത്തിയ ഇന്ത്യയുടെ സമ്പദ്രംഗം മാന്ദ്യത്തിലേയ്ക്കു നീങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
വാണിജ്യ മന്ത്രി സുരേഷ് പ്രഭു, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ തുടങ്ങിയവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘവുമായി ചൊവ്വാഴ്ച നടത്തിയ അവലോകന യോഗത്തിലാണ് സാമ്പത്തിക പാക്കേജ് നടപ്പാക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പെട്രോള്‍-ഡീസല്‍ നികുതിയില്‍ കുറവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്നും ധനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. പൊതുനിക്ഷേപം കൂട്ടാന്‍ എക്സൈസ് തീരുവയുടെ വര്‍ധന അനിവാര്യമാണെന്നും എണ്ണവില വര്‍ധന നേരിടാന്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.