വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കെ മാധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
അഗര്‍ത്തല: പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുടെ പ്രതിഷേധ പരിപാടി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. പശ്ചിമ ത്രിപുര ജില്ലയിലെ പ്രാദേശിക വാര്‍ത്ത ചാനലായ ‘ദിനാരത്തിന്റെ റിപ്പോര്‍ട്ടറായ സന്താനു ഭോമിക്കിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മാന്‍ഡയില്‍ ഐ.പി.എഫ്.ടി നടത്തിയ പ്രതിഷേധ പ്രകടനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ഭോമിക്ക്.
ഗതാഗതം തടസ്സപ്പെടുത്തി റോഡില്‍ നടന്ന പ്രകടനം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അക്രമികള്‍ പിന്നില്‍ നിന്ന് അടിച്ചു വീഴ്ത്തി ഭോമിക്കിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
ഗുരുതര പരിക്കുകളോടെ പിന്നീട് ഭോമിക്കിനെ അഗര്‍ത്തല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഐ.പി.എഫ്.ടിയുമായുള്ള സംഘട്ടനത്തില്‍ സി.പി.എമ്മിന്റെ ആദിവാസി സംഘടനയായ ഗാന മുക്തി പരിഷത്തിലെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. അഗര്‍ത്തലയില്‍ നിന്ന 40 കിമി അകലെയുള്ള കോവൈ ജില്ലയിലെ ചാങ്കോളയിലായിരുന്നു സംഭവം.