‘ട്രംപ് ഭ്രാന്തനായ യു എസ് വൃദ്ധനെന്ന്’ ഉപരോധത്തെ പരിഹസിച്ച് കിം ജോങ് ഉന്‍
സോള്‍: ഉത്തര കൊറിയയ്ക്കുമേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടു. നീക്കത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരണവുമായി ഉത്തര കൊറിയയും രംഗത്തെത്തി. ഭ്രാന്തനായ അമേരിക്കന്‍ വൃദ്ധനാണ് ട്രംപ് എന്നാണ് കിം ജോങ് ഉന്‍ പ്രതികരിച്ചത്.
ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ഉത്തര കൊറിയയെ സഹായിക്കുന്ന സാമ്പത്തിക സ്രോതസുകള്‍ നിര്‍ത്തലാക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് ട്രംപ് ഭരണ കൂടം ഉപരോധ തന്ത്രണങ്ങളുമായി മുന്നോട്ടു വന്നത്. ഇപ്പോള്‍ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ ഉത്തര കൊറിയയെ മാത്രം ലക്ഷ്യം വച്ചുള്ളതാണെന്നു ട്രംപ് വ്യക്തമാക്കി. ഉപരോധ വാര്‍ത്തയ്ക്കു പിന്നാലെ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ പ്രതികരണവും ഉടന്‍ വന്നു.
‘യുഎസിന്റെ പരമാധികാരം കയ്യാളുന്നയാള്‍ നടത്തുന്ന പ്രസ്താവനകള്‍ക്കു കനത്ത വില നല്‍കേണ്ടി വരും. ഏതു തരം മറുപടിയാണ് അയാള്‍ പ്രതീക്ഷിക്കുന്നതെന്നാണ് ഞാന്‍ ആലോചിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ അതിരുവിട്ടിരിക്കുന്നു. ട്രംപ് എന്തു പ്രതീക്ഷിച്ചാലും അതിനേക്കാള്‍ വലിയതാകും അനുഭവിക്കേണ്ടിവരിക. ഭ്രാന്തുപിടിച്ച യുഎസ് വൃദ്ധനാണ് ട്രംപ്’- ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട കുറിപ്പിലൂടെയായിരുന്നു കിം ജോങ് ഉന്നിന്റെ മറുപടി.