ഞരമ്പു രോഗത്തിന്റെ പുതിയമുഖം; മാലമോഷണത്തിന് പരാതിപ്പെട്ട സ്ത്രീകള്‍ പോലുമറിഞ്ഞില്ല വിരുതന്റെ മനസിലിരിപ്പ്
മഞ്ഞ ബാഗു തോളിലിട്ട് കറുത്ത ഹെല്‍മറ്റും ധരിച്ച് ബൈക്കിലെത്തി ഒരാള്‍ മാല പൊട്ടിക്കാന്‍ ശ്രമം നടത്താന്‍ തുടങ്ങിയിട്ട് നാളുകലേറെയായി. ഇതു സംബന്ധിച്ച് 20 ലധികം പരാതികള്‍ പോലീസിന് ലഭികക്കുകയും ചെയ്തു. പോലീസിനു ലഭിച്ച ഇരുപതോളം പരാതികളില്‍ ഒന്നില്‍ പോലും മാല പൊട്ടിച്ചിതായി വെളിപ്പെടുത്തലില്ല എല്ലാം ശ്രമം മാത്രം.
അവസാനം പോലീസിനെയും, സ്ത്രീകളേയും ഒരു പോലെ പറ്റിച്ച് രക്ഷപ്പെട്ടിരുന്ന സാമൂഹിക വിരുദ്ധനെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് പിടികൂടി. മാല പൊട്ടിക്കാനെന്ന വ്യാജേന ബൈക്കിലെത്തി സ്ത്രീകളെ കടന്നുപിടിക്കുന്നത് പതിവാക്കിയ വടക്കാഞ്ചേരി സ്വദേശി സനില്‍ ആണ് പിടിയിലായത്. അന്വേഷണത്തിനൊടുവിലാണ് പ്രതി ഞരമ്പുരോഗി ആണെന്ന് പോലീസ് കണ്ടെത്തിയത്.
വിമല കോളേജ് പരിസരത്ത് ഒരാള്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചതായി യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ വീടുകലിലേയും സ്ഥാപനങ്ങളിലേയും സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നാണ് ഞരമ്പുരോഗിയെ പോലീസ് കുരുക്കിയത്. മറ്റു പരാതികളും അന്വേഷണ വിധേയമാക്കിയപ്പോള്‍ ഒരു കേസിലും മാല പൊട്ടിച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെ പ്രതിയുടെ ഉദ്ദേശം മാല അല്ലെന്ന് വ്യക്തമായത്.
മഞ്ഞ ബാഗ് കഴുത്തിലിട്ട്, കറുത്ത ഹെല്‍മറ്റ് വെച്ചായിരുന്നു ബൈക്കില്‍ യുവാവ് തൊഴിലിന് ഇറങ്ങിയിരുന്നത്. എല്ലാ ദൃശ്യങ്ങളിലും ഒരുപോലെ ആയിരുന്നതും തെളിവായി. ഒടുവില്‍ ഒട്ടേറെ യുവതികളെ ഇപ്രകാരം ഉപദ്രവിച്ചിട്ടുണ്ടെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.