പരസ്പരം പോര്‍വിളി നടത്തുന്ന ട്രംപിനെയും കിം ജോങ് ഉന്നിനെയും നഴ്‌സറി കുട്ടികളോട് ഉപമിച്ച് റഷ്യ
മോസ്‌കോ: പരസ്പരം പ്രകോപനപരമായ പോര്‍വിളി നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെയും കിന്‍ഡര്‍ ഗാര്‍ഡനിലെ കുട്ടികളുടെ പെരുമാറ്റത്തോട് ഉപമിച്ച് റഷ്യ. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ആണ് ഇരുരാഷ്ട്ര നേതാക്കളെയും നഴ്‌സറികുട്ടികളോട് ഉപമിച്ചത്.
ഉത്തരകൊറിയ നിരന്തരം നടത്തുന്ന മിസൈല്‍ പരീക്ഷണ ഭീഷണിയെ റഷ്യ എതിര്‍ക്കുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ മേഖലയില്‍ ഒരു യുദ്ധമുണ്ടാകുന്ന സാഹചര്യത്തേയും തങ്ങള്‍ എതിര്‍ക്കുന്നുവെന്ന് സെര്‍ജി ലാവ്‌റോവ് പറഞ്ഞു.
ഉത്തരകൊറിയയുടെ നിരന്തര മിസൈല്‍ പരീക്ഷണങ്ങള്‍ക്കു പിന്നാലെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെത്തുടര്‍ന്ന് ഒരാഴ്ചയായി ട്രംപും കിമ്മും പരസ്പരം പോര്‍വിളി തുടരുകയാണ്. അമേരിക്കയെ തൊട്ടുകളിച്ചാല്‍ ഉത്തരകൊറിയയെ പൂര്‍ണ്ണമായും തകര്‍ത്തു കളയുമെന്ന വിവാദ പ്രസ്താവനയ്ക്ക് ശേഷം വീണ്ടും ഉത്തര കൊറിയക്കെതിരെ ആഞ്ഞടിച്ച് ഡൊണാള്‍ഡ് ട്രംപ് എത്തിയിരുന്നു. സ്വന്തം ജനതയെ പട്ടിണിക്കിടാനും കൊല്ലാനും വരെ മടിയില്ലാത്ത ഭ്രാന്തനായ നേതാവാണ് ഉത്തരകൊറിയയുടെ കിം ജോങ് ഉന്‍. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ പരീക്ഷ അദ്ദേഹം നേരിടേണ്ടി വരുമെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
‘ഭ്രാന്തന്‍ അമേരിക്കന്‍ വൃദ്ധന്‍’ എന്ന് വിളിച്ച് കിം, ട്രംപിനെ പരിഹസിച്ചിരുന്നു. മുന്‍പ് സര്‍ക്കാരിന്റെ വിവിധ കേന്ദ്രങ്ങള്‍ ആണ് അമേരിക്കയ്ക്ക് എതിരെ എത്തിയതെങ്കില്‍ ട്രംപിനെ നേരിട്ട് ഭ്രാന്തന്‍ വൃദ്ധന്‍ എന്ന് വിളിച്ചായിരുന്നു ഇത്തവണ കിം എത്തിയത്. ഇതിന് മറുപടിയായാണ് ട്രംപിന്റെ പുതിയ പ്രസ്താവനയും വന്നത്.
ഈ പ്രസ്താവന യുദ്ധത്തെ പരിഹസിച്ചുകൊണ്ടാണ് റഷ്യന്‍ വിദേശകാര്യമന്ത്രി ഇരുവരെയും നഴ്‌സറി കുട്ടികളോട് ഉപമിച്ചത്.