ദാവൂദുമായി ഫോണി‍ൽ ബന്ധപ്പെടാറുണ്ട്, ഒടുവിൽ വിളിച്ചത് ഈ മാസം ആദ്യം : സഹോദരന്‍ കസ്‌കറിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

ദാവൂദ് ഇബ്രാഹിം എവിടെയാണെന്ന കാര്യത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയത്തില്‍ നില്‍ക്കുമ്പോഴും, കഴിഞ്ഞ കുറച്ചു നാളുകള്‍ക്കിടെ നാലോളം തവണ ദാവൂദുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇളയ സഹോദരന്‍ ഇക്ബാല്‍ കസ്‌കര്‍.

ഇന്റലിജന്‍സ് ഏജന്‍സികള്‍ ഫോണ്‍ ചോര്‍ത്താനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേകം നിര്‍മിച്ച ബേണര്‍ ഫോണുകളും സിം ബോക്‌സുകളും ഉപയോഗിച്ചായിരുന്നു വിളികളെന്നും കസ്‌കര്‍ വ്യക്തമാക്കി. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള കസ്‌കര്‍, പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്.

പ്രത്യേക ആവശ്യത്തിനായി ഉപയോഗിക്കുന്ന പ്രീപെയ്ഡ് ഫോണുകളാണ് ‘ബേണര്‍ ഫോണു’കള്‍. ആവശ്യം കഴിയുമ്പോള്‍ ഇത്തരം ഫോണുകള്‍ നശിപ്പിച്ചു കളയാറാണ് പതിവ്. അതുകൊണ്ടുതന്നെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ബേണര്‍ ഫോണുകളിലൂടെയുള്ള വിളികളെ പിന്തുടരാനാകില്ല.

അതേസമയം, വിളിക്കുന്നയാളുടെ നമ്പറും മറ്റു വിശദാംശങ്ങളും രഹസ്യമാക്കി വയ്ക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ‘സിം ബോക്‌സ്’ എന്ന് അറിയപ്പെടുന്നത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യം വിട്ട ദാവൂദ് ഇബ്രാഹിം നിലവില്‍ പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടെന്നാണ് ഇന്ത്യയുടെ നിഗമനം.