മതം മാറിയവരെ കൌണ്‍സിലിംഗ് ചെയ്യുന്ന എറണാകുളത്തെ യോഗാ കൗണ്‍സിലിങ് സെന്റര്‍ പൂട്ടിച്ചു

മതം മാറിയവരെ തിരികെയെത്തിക്കുവാന്‍ എന്ന പേരില്‍ എറണാകുളം തൃപ്പൂണിത്തുറ കണ്ടനാടുള്ള യോഗാ കൗണ്‍സിലിങ്ങ് സെന്റര്‍ പഞ്ചായത്തും പൊലീസും ചേര്‍ന്ന് അടപ്പിച്ചു. എറണാകുളം കണ്ടനാടുള്ള യോഗാ അന്റ് ചാരിറ്റബിള്‍ സെന്റര്‍ എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. ആര്‍ഷ വിദ്യാ സമാജം എന്ന പേരില്‍ കൗണ്‍സിലിങ് സെന്ററും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ലൈസന്‍സില്ലാതെയാണ് കേന്ദ്രം നടത്തിയിരുന്നതെന്ന് ഉദയംപേരൂര്‍ പഞ്ചായത്ത് അറിയിച്ചു. അതിനാലാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്. 25 സ്ത്രീകളും 20 പുരുഷന്‍മാരും കൗണ്‍സിലിങ്ങിനായി നിലവില്‍ ഇവിടെയുണ്ടെന്നും ഇവരെ ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയക്കുമെന്നും പൊലീസ് അറിയിച്ചു.

സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനം യോഗാ സെന്ററിനു മുന്നില്‍ പൊലീസ് തടഞ്ഞു. തൃശൂര്‍ സ്വദേശിനിയായ ആയുര്‍വേദ ഡോക്ടറാണ് തൃപ്പുണിത്തുറ ശിവശക്തി യോഗാ സെന്ററില്‍ ഘര്‍വാപസി കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. മീഡിയ വണ്‍ ചാനലിലൂടെയാണ് യുവതി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ക്രിസ്തുമതത്തിലേക്ക് മാറിയ തന്നെ തിരികെ ഹിന്ദു മതത്തിലെത്തിക്കാന്‍ യോഗാ കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് പരാതിക്കാരിയായ യുവതി പറയുന്നു. ഒറ്റയ്ക്ക് കൗണ്‍ലിങ്ങിന് വിധേയമാക്കിയപ്പോഴെല്ലാം ഭീഷണിയായിരുന്നു. അന്യമതക്കാരനായ ഭര്‍ത്താവിനെ കൊല്ലുമെന്നും ഭര്‍ത്താവിന്റെ രഹസ്യ വീഡിയോകള്‍ എടുത്ത് തന്നെ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. എതിര്‍ത്തപ്പോള്‍ തന്നെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഓടാന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ അടച്ച് പൂട്ടിയിട്ടു. കരയുന്ന ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വലിയ ശബ്ദത്തില്‍ പാട്ട് കേള്‍പ്പിച്ചിരുന്നുവെന്നും യുവതി പറഞ്ഞു.

തൃപ്പുണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന യോഗാ സെന്ററില്‍ 65 പെണ്‍കുട്ടികള്‍ തടവിലാണെന്നും, ഇവരില്‍ പലരും ലൈംഗിക ചൂഷണമുള്‍പ്പെടെയുള്ള പീഡനങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്നും യുവതി ആരോപിച്ചിരുന്നു. ഹിന്ദു മതത്തില്‍ നിന്നും മാറി ഇസ്ലാം മതം സ്വീകരിച്ച്, പിന്നീട് വീണ്ടും ഹിന്ദുവായ കാസര്‍കോട് സ്വദേശിനി ആതിര തൃപ്പുണിത്തുറയിലെ ഘര്‍വാപസി കേന്ദ്രത്തിലുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു.