‘ചൂടന്‍ ക്രിക്കറ്റ് താരങ്ങളുടെ ശ്രദ്ധക്ക്; ദേഷ്യം അതിരുവിട്ടാല്‍ അമ്പയര്‍മാര്‍ ചുവപ്പുകാര്‍ഡ് കാണിക്കും
ദുബായ്: ക്രിക്കറ്റ് കളിക്കിടെ അതിരുവിട്ട് പെരുമാറുന്ന ഒരുപാട് താരങ്ങള്‍ ഒട്ടുമിക്ക ടീമുകളിലുമുണ്ട്. വാക്കുകള്‍ കൊണ്ടും, ആംഗ്യ വിക്ഷേപണങ്ങളിലൂടെയും എതിര്‍ താരത്തെയും എന്തിനു കളി നിയന്ത്രിക്കുന്ന അമ്പയറോട് പോലും ചില താരങ്ങള്‍ കയര്‍ക്കാറുണ്ട്. എന്നാല്‍ ഇനി അതൊന്നും നടക്കാന്‍ പോകുന്നില്ല. പ്രശനക്കാരായവര്‍ക്കു ‘നല്ല പണി’ കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഐ.സി.സി.
കളിനിയമങ്ങളില്‍ ഒരുപിടി മാറ്റങ്ങളുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍. ക്രിക്കറ്റ് കളത്തിലെ ‘കൈവിട്ട’ പെരുമാറ്റത്തിന് ഫുട്‌ബോളിലേതുപോലെ ചുവപ്പുകാര്‍ഡ് നല്‍കുക എന്നതാണ് പുതിയ അച്ചടക്ക നടപടിയിലെ ഏറ്റവും വലിയ പ്രത്യേകത. പുതിയ മാറ്റങ്ങള്‍ സെപ്റ്റംബര്‍ 28 മുതലുള്ള പരമ്പരകളില്‍ പ്രാബല്യത്തില്‍ വരും. ദക്ഷിണാഫ്രിക്ക-ബംഗ്ലദേശ്, പാക്കിസ്ഥാന്‍-ശ്രീലങ്ക എന്നീ ടെസ്റ്റ് പരമ്പരകളിലാണ് മാറിയ ചട്ടങ്ങള്‍ ആദ്യം പരീക്ഷിക്കുക.
വിക്കറ്റ് കീപ്പറോ ഫീല്‍ഡറോ ധരിച്ചിരിക്കുന്ന ഹെല്‍മറ്റില്‍ തട്ടിത്തെറിക്കുന്ന പന്തുകളിലും ക്യാച്ച്, റണ്ണൗട്ട്, സ്റ്റംപിങ്ങ് തുടങ്ങിയവ അനുവദിക്കാനും ഐ.സി.സി തീരുമാനിച്ചു. ഇതുള്‍പ്പെടെ ഒരുപിടി മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മത്സരത്തിനിടെ അപമര്യാദയായി പെരുമാറുന്ന താരങ്ങളെ മൈതാനത്തിന് പുറത്താക്കുന്ന ചുവപ്പു കാര്‍ഡ് സമ്പ്രദായം നിലവില്‍ ഫുട്‌ബോള്‍, ഹോക്കി തുടങ്ങിയ കായിക ഇനങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. അംപയറിനെ ഭീഷണിപ്പെടുത്തുക, എതിര്‍ ടീമിലെ താരങ്ങളെയോ അംപയര്‍മാരെയോ കയ്യേറ്റം ചെയ്യുക, സംഘാടകരെയോ കാണികളെയോ ദേഹോപദ്രവം എല്‍പ്പിക്കുക, മറ്റു ഗുരുതര വീഴ്ചകള്‍ വരുത്തുക എന്നീ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കാകും ചുവപ്പുകാര്‍ഡ് നല്‍കുക. ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നിങ്ങനെ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിലും ഇതു ബാധകമായിരിക്കും.
എം.സി.സി വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റിയാണ് ക്രിക്കറ്റിലും ചുവപ്പു കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തത്. ക്രിക്കറ്റിന്റെ അടിസ്ഥാന നിയമങ്ങള്‍ രൂപപ്പെടുത്തുന്നത് മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബെന്ന (എംസിസി) ഈ കമ്മിറ്റിയാണ്. പിന്നീടിത് എം.സി.സിയുടെ മുഖ്യ കമ്മിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇവിടെയും തീരുമാനത്തിന് അനുകൂല മറുപടി ലഭിച്ചതോടെയാണ് ക്രിക്കറ്റ് മൈതാനത്തും ചുവപ്പു കാര്‍ഡെത്തുമെന്ന് ഉറപ്പായത്.