മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നാഗാ ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സേനയുടെ മിന്നലാക്രമണം

ന്യൂഡല്‍ഹി: മ്യാന്‍മര്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന നാഗാ തീവ്രവാദികള്‍ക്കെതിരെ ഇന്ത്യന്‍ സേനയുടെ മിന്നലാക്രമണം. പുലര്‍ച്ചെ 4.45 നായിരുന്നു വന്‍ സന്നാഹത്തോടെ ഇന്ത്യന്‍ സേന ആക്രമണം നടത്തിയത്. ഏറ്റുമുട്ടലില്‍ ഒട്ടേറെ നാഗാ തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

ഇന്ത്യ – മ്യാന്‍മര്‍ അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുകയായിരുന്ന സേനയാണ് ആക്രമണം നടത്തിയത്. ആക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയാതെ വന്നതോടെ തീവ്രവാദി സംഘം അവിടെ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പലരും കൊല്ലപ്പെട്ടു. അതിര്‍ത്തി കടന്നുള്ള ആക്രമണമല്ല ഇന്ത്യ നടത്തിയതെന്നും ഇന്ത്യന്‍ സേനയില്‍ ആര്‍ക്കും ആളപായമില്ലെന്നു കിഴക്കന്‍ സൈനിക കമാന്‍ഡ് അറിയിച്ചു.

2015ലും മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് നാഗാ തീവ്രവാദികളെ ഇന്ത്യന്‍ സേന വധിച്ചിട്ടുണ്ട്. മണിപ്പൂരില്‍ പതിനെട്ടു പട്ടാളക്കാരെ വധിച്ച നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (എന്‍എസ്‌സിഎന്‍), മണിപ്പൂരിലെ കങ്‌ലേയി യപൂള്‍ കന്നലപ് (കെവൈകെഎല്‍ ) എന്നീ ഭീകരസംഘടനകളിലെ 15 പേരെയാണ് അംഗങ്ങളാണ് അന്നത്തെ ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.