ടിപി വധക്കേസ് പ്രതികള്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ച് പരോള്‍; പരാതിയുമായി കെകെ രമ രംഗത്ത്
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍. പ്രധാന പ്രതി കുഞ്ഞനന്തന് 134 ദിവസവും മറ്റൊരു പ്രതി കെ.സി.രാമചന്ദ്രന് മൂന്ന് മാസത്തെ പരോളുമാണ് അനുവദിച്ചത്. ജയില്‍ ചട്ടങ്ങളനുസരിച്ച് ഒരു വര്‍ഷം 60 ദിവസമാണ് പരമാവധി പരോള്‍ അനുവദിക്കാനാകുക.
ഇത് ലംഘിച്ചാണ് ടി.പി. കേസിലെ പ്രതികള്‍ക്ക് ഇപ്പോള്‍ പരോള്‍ അനുവദിച്ചിരിക്കുന്നത്. ഇതിന്റെ രേഖാ മൂലമുള്ള തെളിവുകള്‍ സഹിതം കെ.കെ.രമ ജയില്‍ ഡി.ജി.പിക്ക് പരാതി നല്‍കി. കുഞ്ഞനന്തന്‍, കെ.സി.രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് വിഴിവിട്ട സഹായങ്ങള്‍ കൂടുതല്‍ നല്‍കിയിട്ടുള്ളതെന്നും ഷാഫിയടക്കമുള്ള മറ്റു പ്രതികള്‍ക്കും ചട്ടങ്ങള്‍ മറികടന്നുള്ള പരോള്‍ ലഭിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഇക്കാര്യങ്ങള്‍ പരിശോധിക്കാനും നിയന്ത്രിക്കാനും നടപടി വേണമെന്നാണ് കെ.കെ.രമ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്. രണ്ടു മാസം മുമ്പും ഇത്തരം ചട്ട ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി രമ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയൊന്നുമുണ്ടായിട്ടില്ല.








