പിണറായി വിജയം ; ഷാര്‍ജയില്‍ തടവിലായിരുന്ന 149 ഇന്ത്യക്കാര്‍ മോചിതരായി

കേരള സന്ദര്‍ശനത്തിന് എത്തിയ ഷാര്‍ജാ ഭരണാധികാരി ഡോ. ഷെയ്ക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ വാക്ക് പാലിച്ചു. ഷാര്‍ജയില്‍ ജയിലിലായിരുന്ന 149 ഇന്ത്യക്കാര്‍ മോചിതരായി. മോചിപ്പിക്കപ്പെട്ടവരില്‍ ചിലര്‍ പത്തുമണിയോടെ നാട്ടിലേക്കു മടങ്ങി. 20 മുതല്‍ 62 വയസ്സുവരെയുള്ളവരാണ് മോചിതരായത്. സാമ്പത്തിക ക്രമക്കേടുകളിലും നിസാര കുറ്റകൃത്യങ്ങളിലും ശിക്ഷിക്കപ്പെട്ട് ഷാര്‍ജയിലെ ജയിലില്‍ മൂന്നു വര്‍ഷത്തിലേറെയായി ശിക്ഷയനുഭവിക്കുന്നവരെയാണ് മോചിപ്പിച്ചത്. ഇവരുടെ 36 കോടിയോളം വരുന്ന ബാധ്യത ഷാര്‍ജ സര്‍ക്കാര്‍ തന്നെ അടച്ചു.

ഷാര്‍ജ ഭരണാധികാരി കഴിഞ്ഞദിവസം കേരള സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു പിണറായി വിജയന്‍ ഷാര്‍ജയില്‍ മൂന്നുവര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഷാര്‍ജയില്‍ ജയിലില്‍ കഴിയുന്ന മുഴുവന്‍ ഇന്ത്യക്കാരെയും മോചിപ്പിക്കാമെന്ന് സുല്‍ത്താന്‍ വാക്ക് നല്‍കുകയായിരുന്നു. യു എ ഇയിലേക്ക് എപ്പോള്‍ വേണമെങ്കില്‍ മടങ്ങി വരാമെന്ന വ്യവസ്ഥയിലാണ് തടവുകാര്‍ക്ക് മോചനം നല്‍കിയിരിക്കുന്നത്.