കൊല്ലം കുളത്തൂപുഴയില്‍ കാണാതായ ഏഴു വയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍; ബന്ധു രാജേഷിനെ പോലീസ് കസ്റ്റഡിയില്‍

കൊല്ലം കുളത്തൂപുഴയില്‍ കാണാതായ ഏഴു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ട്യൂഷന്‍ ക്ലാസില്‍ പോയ ശ്രീലക്ഷ്മി എന്ന കുട്ടിയെ ഇന്നലെയാണ് കാണാതായത്. കുളത്തൂപുഴ ആര്‍.പി. കോളനിയിലെ റബര്‍ ഷെഡില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ ട്യൂഷന്‍ ക്ലാസിന് കൊണ്ടു പോയ ബന്ധു രാജേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്തവാണ് രാജേഷ്. ഇയാള്‍ക്കൊപ്പമാണ് കഴിഞ്ഞ ദിവസം കുട്ടി ട്യൂഷന്‍ ക്ലാസിലേക്ക് പോയത്. പിന്നീട് ഇരുവരേയും കാണാതായി. തുടര്‍ന്ന് അമ്മ ഏരൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇന്നലെ രാത്രിയോടെ കുളത്തൂപുഴക്ക് സമീപത്ത് നിന്ന് രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍.പി.കോളനിയിലെ റബര്‍ ഷെഡില്‍ കുട്ടിയുണ്ടെന്ന് മനസ്സിലാക്കിയത്. എന്നാല്‍ പോലീസ് ഇവിടെ എത്തി പരിശോധിച്ചപ്പോള്‍ കുട്ടി മരിച്ച നിലയിലായിരുന്നു.