മോദി സര്‍ക്കാരിനെതിരെ വെല്ലുവിളിയുമായി ശിവസേന രംഗത്ത്
രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ് എന്ന കേന്ദ്രസര്‍ക്കാര്‍ തുറന്നു സമ്മതിച്ചതിന് പിന്നാലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും എന്‍ഡിഎ ഘടക കക്ഷികളും വിമര്‍ശനങ്ങളുമായി എത്തി. മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹക്ക് പിന്തുണയുമായി പാര്‍ട്ടി എംപി ശത്രുഘന്‍ സിന്‍ഹയും ഘടക കക്ഷിയായ ശിവസേനയും രംഗത്ത് എത്തി. തങ്ങളുടെ പാര്‍ട്ടി പത്രമായ സാംമനയിലൂടെയാണ് സാമ്പത്തിക നയത്തെ കുറിച്ച് യശ്വന്ത് സിന്‍ഹ നടത്തിയിട്ടുള്ള വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ബിജെപിക്കാകുമോ എന്ന് ശിവസേന വെല്ലുവിളിച്ചത്. കൂടാതെ സര്‍ക്കാര്‍ നയങ്ങള്‍ രാജ്യദ്രോഹപരമാണെന്നും സാംനയിലൂടെ ശിവസേന വിമര്‍ശിച്ചു.
അതുപോലെ സാമ്പത്തിക മാന്ദ്യം, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ കാര്യങ്ങളില്‍ സിന്‍ഹയുടെ വിമര്‍ശനം പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യമാണ് എന്നും യശ്വന്ത് സിന്‍ഹ നീതിജ്ഞനാണ്. സര്‍ക്കാരിന് മുന്നില്‍ ഒരു കണ്ണാടി വെച്ച് കാട്ടുകയായിരുന്നു അദ്ദേഹം ചെയ്തതെന്നും എംപിയും ബോളിവുഡ് താരവുമായ ശത്രുഘന്‍ സിന്‍ഹ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പറഞ്ഞത് രാജ്യ താത്പര്യമാണ് വലുത്, പാര്‍ട്ടി പിന്നീടാണ് എന്നാണ്. നേരത്തെ മറ്റൊരു മുതിര്‍ന്ന ബിജെപി നേതാവ് അരുണ്‍ ഷൂരിയും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കളും എന്‍ഡിഎ ഘടക കക്ഷികളും വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്. ബിജെപിയില്‍ ഒരുപാട് പേര്‍ക്ക് സര്‍ക്കാരിന്റെ നിലപാടുകളില്‍ അതൃപ്തിയുണ്ടെന്നും പേടികാരണമാണ് ആരും ഒന്നും പ്രതികരിക്കാത്തതെന്നും കഴിഞ്ഞ ദിവസം യശ്വന്ത് സിന്‍ഹ പറഞ്ഞിരുന്നു.