പതിറ്റാണ്ടുകളോളം ഇന്ത്യയിലെ ഈ ഗ്രാമം ജീവിച്ചിരുന്നത് കഞ്ചാവ് കൃഷി ചെയ്ത്; റെയ്ഡ് നടത്തിയ പോലീസ് പോലും ഞെട്ടി

ഹൈദരാബാദ്: പതിറ്റാണ്ടുകളായി തെലങ്കാനയില ലക്ഷ്മീപുരം ഗ്രാമത്തില്‍ ഭൂരിപക്ഷം ആളുകളും ഉപജീവനം കഴിച്ചിരുന്നത്. കഞ്ചാവ് കൃഷി ചെയ്തും അത് ചന്തയില്‍ വിറ്റുമായിരുന്നു. എന്നാല്‍ അവരുടെ നിയമവിരുദ്ധ കൃഷിക്ക് ആന്ധ്ര പോലീസ് കഴിഞ്ഞ ദിവസം കടിഞ്ഞാണിട്ടു. ഗ്രാമത്തില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 200 ഓളം കുടുംബങ്ങള്‍ കഞ്ചാവ് കൃഷിയിലും വിപണനത്തിലും ഏര്‍പ്പെട്ടിരുന്നു എന്ന് പോലീസ് കണ്ടെത്തി.

കഞ്ചാവ് കൈവശം വെച്ചതിന് തന്ധൂരില്‍ നിന്ന് എന്‍ജിനിയറിങ് വിദ്യാര്‍ഥികളെ പിടിച്ചതാണ് ലക്ഷ്മിപുരം ഗ്രാമത്തിലേക്ക് പോലീസിനെ എത്തിക്കുന്നത്. മികച്ചതും മായം കലര്‍ത്താത്തതുമായ കഞ്ചാവ് ലഭിക്കുന്നതിനാല്‍ ധാരാളം വിദ്യാര്‍ഥികള്‍ ഈ ഗ്രാമത്തിലേക്ക് കഞ്ചാവ് അന്വേഷിച്ചു വരുന്നത് പതിവാണ്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നയാളെ ചോദ്യം ചെയ്തതാണ് അന്വേഷണത്തില്‍ വഴിത്തിരിവാകുന്നത്.

പോലീസ് സേനയിലെ ചിലര്‍ വിദ്യാര്‍ഥികളായി വേഷം മാറിയാണ് കൃഷിയിടത്തിലേക്കും കഞ്ചാവ് കര്‍ഷകരിലേക്കും എത്തുന്നത്. രണ്ട് ബാഗ് കഞ്ചാവ് 10,000 രൂപയ്ക്ക് കൈപറ്റി പോലീസ് കൃഷിക്കാരുമായി നല്ല ബന്ധം സ്ഥാപിച്ചു. പിന്നീട് 50 കോണ്‍സറ്റബിള്‍മാരും 10 എസ്.ഐമാരും രണ്ട് സി.ഐമാരും ചേര്‍ന്ന ഗ്രാമത്തെ ഒന്നടങ്കം വളയുകയായിരുന്നു. വീടുകള്‍ റെയ്ഡ് ചെയ്തും റോഡുകള്‍ തടഞ്ഞും വളരെ ആസൂത്രിതമായിട്ടായിരുന്നു പോലീസിന്റെ ഓപ്പറേഷന്‍.

ഓരോ വീട്ടിലും നടത്തിയ പരിശോധനയില്‍ നിന്നും ചുരുങ്ങിയത് മൂന്ന് ചാക്ക് കഞ്ചാവെങ്കിലും കണ്ടെടുക്കാന്‍ കഴിഞ്ഞെന്ന് പോലീസ് പറയുന്നു. ഇത്തരത്തില്‍ ഇരുനൂറോളം കുടുംബങ്ങളാണ് കഞ്ചാവ് കൃഷിയില്‍ വ്യാപൃതരായിരുന്നത്. പതിറ്റാണ്ടുകളായി കഞ്ചാവ് കൃഷി ചെയ്താണ് തങ്ങളില്‍ പലരും ജീവിക്കുന്നതെന്ന ഇവര്‍ പോലീസിനോട് സമ്മതിച്ചു. പരുത്തിയുടെയും വന്‍പയറിന്റെയും ഇടയില്‍, പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം രഹസ്യമായാണ് കഞ്ചാവ് കഷി ചെയ്തിരുന്നത്. ഈ തന്ത്രമാണ് ഇത്രനാളും ഇവരെ പോലീസ് റെയ്ഡില്‍ നിന്ന് രക്ഷപ്പെടുത്തിയതും.

തങ്ങള്‍ മാത്രമല്ല ഈ ഗ്രാമം മുഴുവന്‍ കഞ്ചാവ് കൃഷി ചെയ്താണ് ജീവിക്കുന്നതെന്നാണ് അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചു പേര്‍ പോലീസിനോട് പറഞ്ഞത്.