30 വര്‍ഷം സൈന്യത്തെ സേവിച്ചതിന് സര്‍ക്കാര്‍ വക പ്രത്യുപകാരം; പൗരത്വം തെളിയിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ്

മുപ്പത് വര്‍ഷം രാജ്യത്തെ സേവിച്ച ശേഷം വിശ്രമജീവിതം നയിക്കുന്ന സൈനികനോട് പൗരത്വം തെളിയിക്കാന്‍ സര്‍ക്കാര്‍. മുഹമ്മദ് അസ്മല്‍ ഹഖ് എന്ന മുന്‍ സൈനികനോടാണ് സര്‍ക്കാര്‍ പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്.

പൗരത്വം തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഫൊറിനേഴ്‌സ് ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചു. അസം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നാണ് നടപടി.

ബംഗ്ലാദേശി കുടിയേറ്റക്കാരനെന്ന് ആരോപിച്ചാണ് അസ്മല്‍ ഹഖിന് നോട്ടീസ് അയച്ചത്. സെപ്റ്റംബര്‍ 11ന് ട്രൈബ്യൂണലില്‍ ഹാജരാകണമെന്ന നോട്ടീസ് അസ്മല്‍ അവഗണിച്ചതിനെ തുടര്‍ന്ന് ഓക്‌ടോബര്‍ 13ന് രേഖകളുമായി വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുകയാണ്. 1971ന് ശേഷം മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ താമസിച്ചു വരുന്നയാളാണ് അസ്മലെന്നാണ് ട്രൈബ്യൂണലിന്റെ ആരോപണം.

അതേസമയം താന്‍ ജനിച്ചതും വളര്‍ന്നതും ഈ നാട്ടിലാണെന്നും സര്‍ക്കാര്‍ എന്തിനാണ് തങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നതെന്നും അസ്മല്‍ ചോദിച്ചു. 1986 മുതല്‍ 2016 വരെ ഇന്ത്യന്‍ സേനയില്‍ സേവനം അനുഷ്ടിച്ചയാളാണ് അസ്മല്‍. നേരത്തെ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. വിരമിക്കുമ്പോള്‍ അദ്ദേഹം ഹഖ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായിരുന്നു.