രോഹിത്തിന്റെ സെഞ്ച്വറി മികവില്‍ ഇന്ത്യക്ക് ജയം

രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് ഗംഭീര വിജയം. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സാണ് നേടിയത്. ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം കളഞ്ഞ് 42.5 ഓവറില്‍ ലക്ഷ്യം സ്വന്തമാക്കി. പതിന്നാലാമത്തെ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടെ ബാറ്റിങ് തന്നെയായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സിന്റെ സവിശേഷത. 109 പന്തില്‍ 125 റണ്‍സെടുത്ത രോഹിത് ശര്‍മ്മ 11 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും നേടി. ആജിന്‍ക്യ രഹാനെ 61 റണ്‍സും നായകന്‍ വിരാട് കോലി 39 റണ്‍സുമെടുത്ത് പുറത്തായി. രഹാനെയും രോഹിത് ശര്‍മ്മയും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 124 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. ഓസ്‌ട്രേലിയയ്‌ക്ക് വേണ്ടി ആദം സാംബ രണ്ടു വിക്കറ്റ് വീഴ്‌ത്തി.

രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്. ഹര്‍ദ്ദിക് പാണ്ഡ്യയാണ് പരമ്പരയിലെ താരം. ഡേവിഡ് വാര്‍ണറുടെ അര്‍ധസെഞ്ചുറിയും മധ്യനിരയില്‍ ഹെഡ്ഡും സ്‌റ്റോയിന്‍സും ചേര്‍ന്ന കൂട്ടുകെട്ടുമാണ് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് തുണയായത്. ഓപ്പണര്‍മാരായ വാര്‍ണര്‍ 53 ഉം ഫിഞ്ച് 32 ഉം റണ്‍സ് നേടി. 66 റണ്‍സായിരുന്നു ഒന്നാം വിക്കറ്റിലെ കൂട്ടുകെട്ട്. ഇന്ത്യ – ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മല്‍സരം ഒക്‌ടോബര്‍ 7 ശനിയാഴ്‌ച റാഞ്ചിയില്‍ നടക്കും. ആദ്യ മൂന്ന് ഏകദിനങ്ങളും ജയിച്ച് ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. ബെംഗളൂരുവില്‍ നടന്ന നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കായിരുന്നു ജയം.