കൊല്ലത്ത് ഏഴു വയസ്സുകാരി കൊല്ലപ്പെട്ട സംഭവം: അമ്മയേയും ബന്ധുക്കളേയും നാട്ടുകാര്‍ നാട് കടത്തി

കൊല്ലം: അഞ്ചലില്‍ കൊലചെയ്യപ്പെട്ട കുട്ടിയുടെ അമ്മയെയും ബന്ധുക്കളേയും നാട്ടുകാര്‍ നാടുകടത്തി. കുട്ടിയുടെ മൃതദേഹം കാണാന്‍ അനുവദിക്കാതെയാണ് അമ്മയെയും ബന്ധുക്കളെയും നാടുകടത്തിയത്. ദുര്‍നടപ്പുകാര്‍ എന്ന് ആരോപിച്ചായിരുന്നു നടപടി. നാട്ടുകാരുടെ ഭീഷണിയെ തുടര്‍ന്നു കുട്ടിയുടെ കുടുംബം മറ്റൊരു സ്ഥലത്തേക്ക് മാറി താമസിച്ചു.

പ്രകോപിതരായ നാട്ടുകാര്‍ കുട്ടിയുടെ അമ്മയെയും മുത്തച്ഛനെയും മര്‍ദ്ദിച്ചു. പോലീസ് നോക്കി നില്‍ക്കെയാണ്‌ സംഭവം. കുട്ടിയുടെ മൃതദേഹം സ്വന്തം വീട്ടില്‍ സംസ്‌കാരിക്കാനും നാട്ടുകാര്‍ അനുവദിച്ചില്ല. പിന്നീട് അച്ഛന്റെ വസതിയിലാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്.

നാട്ടുകാര്‍ പ്രകോപിതരാണെന്നും അതിനാല്‍ ഇവിടെ നിന്നു മാറി താമസിക്കണമെന്നും പോലീസ് പറഞ്ഞതായി കുട്ടിയുടെ അമ്മ പറഞ്ഞു. നിരവധി നാട്ടുകാര്‍ ചേര്‍ന്നാണ് തങ്ങളെ മര്‍ദിച്ചതെന്നും നാട്ടുകാരുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചികിത്സ തേടാന്‍ സാധിക്കുന്നില്ലെന്നു കുട്ടിയുടെ അമ്മ പറഞ്ഞു.

കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയുടെ സഹോദരി ഭര്‍ത്താവ് രാജേഷ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. മാനഭംഗപ്പെടുത്തിയശേഷം താനാണ് കുട്ടിയെ കൊന്നതെന്ന് രാജേഷ് പോലീസിനു മൊഴി നല്‍കിയിരുന്നു. രാജേഷിനൊപ്പം ട്യൂഷനു പോയ കുട്ടിയെ ബുധനാഴ്ചയാണ് കാണാതായത്.